
















മഹാരാഷ്ട്രയില്‍ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ആറു കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവത്തില്‍ കുഞ്ഞും ഗര്‍ഭാവസ്ഥയില്‍ വച്ച് തന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഗഡ്ചിറോളിയിലെ ആല്‍ദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഇവര്‍ 9 മാസം ഗര്‍ഭിണിയായിരുന്നു. പ്രധാന റോഡുമായി ബന്ധമില്ലാത്ത സ്ഥലത്തായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. പ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാനായി കാല്‍നടയായി സഹോദരിയുടെ വീട്ടിലേക്കാണ് യാത്ര തിരിച്ചത്. കാടുള്ള വഴികളിലൂടെ 6 കിലോമീറ്റര്‍ ആണ് നടന്നത്.
ജനുവരി രണ്ടിന് രാവിലെ ആശയ്ക്ക് ശക്തമായ പ്രസവ വേദന ആരംഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഹെദ്രിയിലെ കാളി അമ്മാള്‍ ആശുപത്രിയില്‍ എത്തിച്ചു. സിസേറിയന്‍ ചെയ്‌തെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അപകടകരമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആശയും അല്‍പസമയത്തിനകം മരണപ്പെട്ടു. കാല്‍നടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീര്‍ണതകള്‍ക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. പ്രതാപ് ഷിന്‍ഡെ പ്രതികരിച്ചു. ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നതിനാല്‍ ഈ യാത്ര ശരീരത്തെ ഗുരുതരമായി ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.