
















ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി കത്തയച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ന്യൂയോര്‍ക്ക് മേയര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഒരു കുറ്റാരോപിതനെ പിന്തുണച്ചോ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയോ ചെയ്താല്‍ രാജ്യം അത് സഹിക്കില്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
'ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യന്‍ നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ പുറത്തുനിന്നുള്ള ആള്‍ ആരാണ്?. അതും രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളെ പിന്തുണക്കാന്‍. ഇത് ശരിയല്ല' - ഗൗരവ് ഭാട്ടിയ പറഞ്ഞു. ഉമര്‍ ഖാലിദിന്റെയോ മംദാനിയുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.
ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേറിയ ദിവസമാണ് ഉമറിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ കത്ത് പങ്കുവെച്ചത്. പ്രിയപ്പെട്ട ഉമര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഉമറിനായുള്ള മംദാനിയുടെ കത്ത് തുടങ്ങുന്നത്. കയ്പിനെ കുറിച്ചും സ്വയം നശിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള താങ്കളുടെ വാക്കുകള്‍ താന്‍ ഓര്‍ക്കാറുണ്ടെന്ന് മംദാനി കത്തില്‍ പറഞ്ഞിരുന്നു. ഉമറിന്റെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് സൊഹ്റാന്‍ മംദാനി കത്ത് അവസാനിപ്പിക്കുന്നത്.