
















ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരണപ്പെട്ട കേസില്‍ കോളെജ് അധ്യാപകനും മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റില്‍. റാഗിംഗ്, ലൈംഗികാതിക്രമം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 26-ന് ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
2025 സെപ്റ്റംബറിലാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോളെജ് പ്രൊഫസര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുത്തത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ തന്റെ മകളെ ശാരീരികമായി ആക്രമിക്കുകയും പ്രൊഫസര്‍ അവളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഈ സംഭവം മകളെ വളരെയധികം ഭയപ്പെടുത്തിയെന്നും മാനസികമായ ആഘാതമുണ്ടാക്കിയതായും പിതാവ് ആരോപിച്ചു. മകള്‍ ഇതോടെ വിഷാദ രോഗിയായെന്നും അവളുടെ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിച്ചതായും പിതാവ് ചൂണ്ടിക്കാട്ടി. അവസ്ഥ വഷളായതിനെ തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഒന്നിലധികം ആശുപത്രികളില്‍ പെണ്‍കുട്ടിക്ക് തുടക്കത്തില്‍ ചികിത്സ നല്‍കി. പിന്നീടാണ് ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസം 26-ന് പെണ്‍കുട്ടി അവിടെവച്ച് മരണപ്പെട്ടു.
ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത അവരുടെ അവസാന വീഡിയോയില്‍ 'സര്‍ എന്റെ പിന്നാലെ വരുമായിരുന്നു'വെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. പ്രൊഫസര്‍ അനുചിതമായി സ്പര്‍ശിച്ചിരുന്നോ എന്ന് ഒരു സ്ത്രീ ചോദിക്കുന്നതും 'അതെ' എന്ന അര്‍ത്ഥത്തില്‍ പെണ്‍കുട്ടി തലയാട്ടുന്നതും വീഡിയോയില്‍ കാണാം.
കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധരംശാല പോലീസ് പ്രൊഫസര്‍ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ലൈംഗികപീഡനം, റാഗിംഗ് നിരോധന നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളും മരണപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠികളായിരുന്നു. ഇവരിപ്പോള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. സംഭവത്തെ തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
പിതാവിന്റെ പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18-നാണ് പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ റാഗിംഗ് സെഷനില്‍ അവളെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അവരിലൊരാള്‍ പെണ്‍കുട്ടിയെ കുപ്പികൊണ്ട് അടിക്കുകയും അവളുടെ മുടി മുറിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ അവളെ കൊല്ലുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നുവെന്നും പിന്നീട് കോളെജില്‍ പോകാന്‍ വിസമ്മതിച്ചതായും പിതാവ് പരാതിയില്‍ അവകാശപ്പെട്ടു. സെപ്റ്റംബര്‍ 20-ന് മകളുടെ നിര്‍ബന്ധ പ്രകാരം ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ അക്കാദമിയില്‍ അവളെ ചേര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മകള്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നും അവസ്ഥ വഷളായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹിമാചലിലെയും പഞ്ചാബിലെയും വിവിധ ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയതായാണ് വിവരം. ഏകദേശം ഏഴോളം ആശുപത്രികളില്‍ അവളെ ചികിത്സയ്ക്ക് കൊണ്ടുപോയതായും പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പെണ്‍കുട്ടിയുടെ ചികിത്സാ വിവരങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.