യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്താനുള്ള കേസിന്റെ നടപടിക്രമങ്ങള്‍ നേരിടുകയാണ് മുന്‍ മദ്യരാജാവ് വിജയ് മല്ല്യ. അറിയപ്പെടുന്ന ക്രിക്കറ്റ് ആരാധകന്‍ കൂടിയായ മല്ല്യ ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് നടക്കുമ്പോള്‍ അതില്‍ നിന്നും മാറിനിന്നില്ല. ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയ്‌ക്കെതിരെ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ വീക്ഷിക്കാനെത്തിയ മല്ല്യക്ക് നേരിടേണ്ടി വന്നത് ജനക്കൂട്ടത്തിന്റെ മുദ്രാവാക്യം വിളി!
വിജയ് മല്ല്യ ചോര്‍ ഹേ (മല്ല്യ കള്ളനാണ്) എന്ന മുദ്രാവാക്യം വിളികളോടെയാണ് സ്‌റ്റേഡിയത്തില്‍ നിന്നിറങ്ങിയ മല്ല്യയെ ജനക്കൂട്ടം സ്വാഗതം ചെയ്തത്. മത്സരം വീക്ഷിച്ച ശേഷം ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് ജനം മല്ല്യയെ ശ്രദ്ധിച്ചത്. അമ്മയ്‌ക്കൊപ്പം എത്തിയ മദ്യാരാജാവിനെ ജനക്കൂട്ടം വളഞ്ഞു. പിന്നാലെ 'വിജയ് മല്ല്യ ചോര്‍ ഹേ', 'ചോര്‍ ചോര്‍' എന്നിങ്ങനെ മുദ്രാവാക്യം വിളികളായി.
ജനത്തിന്റെ ഈ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയെ പരുക്കൊന്നും ഏല്‍ക്കാതെ പുറത്തെത്തിക്കുകയാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മല്ല്യയുടെ മറുപടി. പ്രായമായ അമ്മയുമായി ഇത്തരമൊരു ജനക്കൂട്ടത്തില്‍ പെട്ട് പോയാല്‍ മറ്റെന്താണ് ചെയ്യാന്‍ കഴിയുക, മല്ല്യ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
'ആണിനെ പോലെ രാജ്യത്തോട് മാപ്പ് പറയണമെന്ന്', ജനക്കൂട്ടം മല്ല്യയോട് പറഞ്ഞു. 9000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാതെയാണ് വിജയ് മല്ല്യ യുകെയിലേക്ക് കടന്നത്. ഇവിടെ നിന്നും ഇയാളെ നാടുകടത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടീഷ് കോടതികളെ സമീപിച്ചിരിക്കുകയാണ്. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്.