Breaking Now

ഇന്ദ്രപ്രസ്ഥം ഭരിച്ച രണ്ട് ഉരുക്കുവനിതകള്‍ ഒരേസമയം കാലയവനികയുടെ പിന്നിലേക്ക്.......... സുഷ്മ സ്വരാജിനും ഷീല ദീക്ഷിതിനും അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇമാഗസിന്‍ ഓഗസ്റ്റ് ലക്കം

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ജ്വാല ഇമാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു.

രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത ഒന്ന് പോലെ സ്‌നേഹിച്ച നേതാവായിരുന്നു സുഷ്മ സ്വരാജ്. പ്രവാസികളുടെ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്ത സുഷ്മ സ്വരാജിനെ കേരളത്തിലെ ജനങ്ങളും വളരെയധികം സ്‌നേഹിച്ചിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷ്മ സ്വരാജ്. 

തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം ഡല്‍ഹി മുഖ്യമന്ത്രിയായും, അതിനുശേഷം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ച ഷീല ദീക്ഷിതിന്റെ വേര്‍പാടും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാനഷ്ടം തന്നെ എന്നതില്‍ സംശയമില്ല. സുഷ്മ സ്വരാജിനും ഷീല ദീക്ഷിത്തിനും പ്രണാമം അര്‍പ്പിക്കുന്നു തന്റെ പ്രൗഢ ഗംഭീരമായ എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും താന്‍ നേരിട്ട ചില വിഷമ ഘട്ടങ്ങളെക്കുറിച്ചും പ്രമുഖ കവിയും ലേഖകനുമായ സച്ചിദാനന്ദന്‍ 'ഫോട്ടോഷോപ്പ് യുദ്ധങ്ങള്‍' എന്ന ലേഖനത്തില്‍ വിവരിക്കുന്നു. ഒരിക്കലെങ്കിലും കാണുവാന്‍ ഏതൊരു  മലയാളിയും ആഗ്രഹിക്കുന്ന തൃശൂര്‍ പൂരവും പൂര വെടിക്കെട്ടിനെക്കുറിച്ചും വളരെ മനോഹരമായി എഴുതിയിരിക്കുന്നു സഹ്യന്‍ ഊരള്ളൂര്‍ തന്റെ അനുഭവക്കുറിപ്പില്‍.

സോഷ്യല്‍ മീഡിയയില്‍ സാഹിത്യ രചനയിലൂടെ പ്രസിദ്ധനായ അനീഷ് ഫ്രാന്‍സിസിന്റെ 'പ്രസുദേന്തി' എന്ന കഥ വായനക്കാരുടെ പ്രിയപ്പെട്ട രചനകളില്‍ ഒന്നായിരിക്കും.  ജ്വാല ഇമാഗസിന്റെ കഥാ വിഭാഗത്തെ സമ്പന്നമാക്കാന്‍ സോണിയ ജെയിംസ് രചിച്ച 'മകള്‍ എന്റെ മകള്‍', മാളു ജി നായരുടെ 'ചന്ദനഗന്ധം', കെ. എല്‍. രുഗ്മണിയുടെ 'വരവേല്‍പ്പ്' എന്നീ കഥകളും ചേര്‍ത്തിരിക്കുന്നു. സാഹിത്യകാരനും ചിത്രകാരനും ആയ സി ജെ റോയി വരച്ച ചിത്രങ്ങള്‍ ഈ കഥകളെ  മനോഹരമാക്കുന്നു. റോയിയുടെ 'വിദേശ വിചാരം' എന്ന കാര്‍ട്ടൂണ്‍ പംക്തി ഓഗസ്റ്റ് ലക്കത്തിലും തുടരുന്നു. 

രാജന്‍ കെ ആചാരിയുടെ 'വൃത്താന്തങ്ങള്‍', സബ്‌ന സപ്പൂസിന്റെ 'മഴയില്‍', കവല്ലൂര്‍ മുരളീധരന്റെ 'എഴുതാനിരിക്കുന്നവരുടെ വിലാപങ്ങള്‍' എന്നീ കവിതകളും,  ആത്മീയ ലോകത്തെ തട്ടിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജയേഷ് കുമാറിന്റെ 'പുതിയ പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങള്‍' എന്ന ലേഖനവും  ജ്വാലയുടെ ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇമാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുക

https://issuu.com/jwalaemagazine/docs/august_2019  

Sajish Tom

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
കൂടുതല്‍വാര്‍ത്തകള്‍.