
















                    	
                    
പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ പിആര്‍ഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതല്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആര്‍ഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചത്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍, ലണ്ടന്‍ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ സുപ്രധാന പദവികള്‍ വഹിക്കുന്ന ഫാ. ടോമി എടാട്ട് എയ്ല്‍സ്‌ഫോര്‍ഡ് സെന്റ്. പാദ്രെ പിയോ മിഷന്‍, ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷന്‍ എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ്. കൂടാതെ മരിയന്‍ മിനിസ്ട്രി യുകെയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നു.
തലശേരി രൂപതാംഗമായ ഫാ. ടോമി എടാട്ട് 2016 ല്‍ ഉപരിപഠനത്തിനായാണ് യുകെയിലെത്തിയത്. യുകെയില്‍ മനഃശാസ്ത്രത്തില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കിയ ഫാ. ടോമി ഈ വിഷയത്തില്‍ റിസര്‍ച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുകെയിലെ പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഇദ്ദേഹം യുകെയില്‍ അങ്ങോളമിങ്ങോളമായി നിരവധി വചനശുശ്രൂഷകള്‍ക്ക് ആത്മീയ നേതൃത്വം കൊടുത്തുവരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടീനേജഴ്‌സിനുമായി ക്‌ളാസുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയ വ്യക്തിത്വം കൂടിയാണ് ഫാ. ടോമി. തലശേരി രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന സമയത്ത് മലബാര്‍ മേഖലയില്‍ നിരവധി കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അച്ചന്‍ ഗാനരചയിതാവ്, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.
രൂപതയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വാര്‍ത്തകളും വിവരങ്ങളും ഇനി ലഭ്യമാകുന്നത് പുതിയ പിആര്‍ഒ വഴിയായിരിക്കുമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ അറിയിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ കുറ്റമറ്റതായി ചെയ്തു ഫലപ്രാപ്തിയിലെത്തിക്കുന്ന ടോമി അച്ചന്റെ പ്രവര്‍ത്തനശൈലി രൂപതയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ മുതല്‍കൂട്ടാകും എന്നതില്‍ സംശയമില്ല.
വാര്‍ത്ത നല്‍കിയത്: ബിനു ജോര്‍ജ്