CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 32 Seconds Ago
Breaking Now

ഗുരുതര രോഗികള്‍ക്ക് അതിര്‍ത്തി തുറന്നു നല്‍കാമെന്ന് കര്‍ണാടക ; പരിശോധനയ്ക്ക് അതിര്‍ത്തിയില്‍ ഡോക്ടറേയും നിയമിച്ചു

ഡോക്ടര്‍ മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ പരിശോധിക്കും. നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ.

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തിയില്‍ ഡോക്ടറെ നിയമിച്ചു. ഈ ഡോക്ടര്‍ മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ പരിശോധിക്കും. നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ. ഇതിന് ഡോക്ടറുടെ അനുമതി കൂടിയേ തീരൂ. ഇന്ന് ഇതുവരെയായും ആരെയും കടത്തിവിട്ടിട്ടില്ല. അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിനാണ്. ഈ പാതകള്‍ തടസപ്പെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാം. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് കര്‍ണാടകം മനസിലാക്കണം. കര്‍ണാടക സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണെന്നുമാണ് കോടതി പറഞ്ഞത്.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്.സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകള്‍ തുറക്കാന്‍ അടിയന്തര നടപടിയെടുക്കണം.എതിര്‍ കക്ഷികള്‍ മൂന്ന് ആഴ്ച്ച ക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണം. ഹര്‍ജിയില്‍ മറ്റ് ആവശ്യങ്ങള്‍ ഉണ്ട്. പക്ഷേ അത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.