Breaking Now

കുടിയേറ്റക്കാരുടെ മകള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍! പാതി ഇന്ത്യക്കാരിയായ കമല ഹാരിസ് പല 'ഒന്നാമതുകള്‍' കടന്ന് വൈറ്റ് ഹൗസിന്റെ വിളിപ്പാടകലെ; തന്നെ പൊളിച്ചടുക്കുന്ന ഈ അഭിഭാഷകയെ ട്രംപിന് കണ്ണില്‍ കണ്ടുകൂടാത്തത് വെറുതെയല്ല!

ട്രംപിന്റെ കണ്ണിലെ കരടായ കമലയെ 'ഫോണി കമല' എന്നാണ് പ്രസിഡന്റ് പുച്ഛത്തോടെ വിളിക്കുന്നത്

കമല ഹാരിസ്, കുടിയേറ്റക്കാരുകളുടെ മകള്‍, ജീവിതത്തില്‍ പല തവണ ഒന്നാം സ്ഥാനങ്ങളില്‍ എത്തി നാഴികക്കല്ലുകള്‍ സൃഷ്ടിച്ചവര്‍, സാന്‍ഫ്രാന്‍സിസ്‌കോ, ഡിസ്ട്രിക്ട് അറ്റോണിയായ ആദ്യ കറുത്ത സ്ത്രീ, കാലിഫോര്‍ണിയ അറ്റോണി ജനറലായ ആദ്യ കറുത്ത വംശജ എന്നിങ്ങനെയുള്ള ഒന്നാമതുകള്‍ കടന്ന് മറ്റൊരു സുപ്രധാന പോരാട്ടത്തിന് ഇറങ്ങുകയാണ് കമല ഹാരിസ്, അമേരിക്കയുടെ ആദ്യത്തെ കറുത്ത വംശജയായ വൈസ് പ്രസിഡന്‍് സ്ഥാനാര്‍ത്ഥി. 

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് തന്റെ മുന്‍ എതിരാളിയായ കമലയെ രണ്ടാം സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രോസിക്യൂട്ടറായി തിളങ്ങിയതോടെയാണ് 55-കാരിയായ കമല ഹാരിസ് ജോലിയില്‍ ഉയര്‍ന്നത്. 2016-ല്‍ സെനറ്റില്‍ വരെയെത്തി അവരുടെ സാന്നിധ്യം. അഭിഭാഷകയെന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി വിനിയോഗിച്ചതോടെയാണ് ദേശീയ തലത്തില്‍ ഇവരുടെ പ്രാധാന്യം വര്‍ദ്ധിച്ചത്. ഒപ്പം പ്രസിഡന്റ് ട്രംപിന്റെ ഉദ്യോഗസ്ഥരെയും, നോമിനികളെയും സെനറ്റ് ഹിയറിംഗുകളില്‍ പൊളിച്ചടുക്കിയതോടെ കമല ഹാരിസ് സജീവ സാന്നിധ്യമായി തിളങ്ങി. 

ഡെമോക്രാറ്റിക് ഡിബേറ്റ് വേദിയില്‍ ബൈഡനോട് ഏറ്റുമുട്ടാനും കമല ഹാരിസ് തയ്യാറായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ മുന്‍ഗണനയുള്ള സ്ഥാനങ്ങളിലേക്ക് അവര്‍ എത്തി. ഇതിനകം ട്രംപിന്റെ കണ്ണിലെ കരടായ കമലയെ 'ഫോണി കമല' എന്നാണ് പ്രസിഡന്റ് പുച്ഛത്തോടെ വിളിക്കുന്നത്. എന്നാല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമങ്ങള്‍ ഫണ്ട് അപര്യാപ്തതയും, ജീവനക്കാരുടെ തമ്മിലടിയും മൂലം വൃഥാവിലായി. 2019 ഡിസംബര്‍ 3ന് അവര്‍ പ്രസിഡന്റ് പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. 

എന്നാല്‍ പോലീസുകാര്‍ തെരുവിലിട്ട് വകവരുത്തിയ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം രാജ്യത്ത് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തി. വൈസ് പ്രസിഡന്റായി ഒരു വനിതയെ പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നെങ്കിലും അന്തിമതീരുമാനം എത്തിയിരുന്നില്ല. ഫ്‌ളോയ്ഡിന്റെ മരണത്തോടെ ഡെമോക്രാറ്റിക് നോമിനി കറുത്ത സ്ത്രീയാകണം എന്ന സമ്മര്‍ദം ഉയര്‍ന്നു. ഇതോടെ മുന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ സൂസന്‍ റൈസ്, സെനറ്റര്‍ എലിസബത്ത് വാറണ്‍ തുടങ്ങി മറ്റ് പ്രമുഖ സ്ത്രീരത്‌നങ്ങള്‍ക്കൊപ്പം കമല ഹാരിസും പോരാട്ടത്തില്‍ തിരിച്ചെത്തി. 

അറേഞ്ച്ഡ് വിവാഹം ഒഴിവാക്കാനായി ഡല്‍ഹിയില്‍ നിന്നും ഗ്രാജുവേഷന്‍ നേടിയ ശേഷം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ശ്യാമല ഗോപാലന്റെ മകളാണ് കമല. യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസാണ് പിതാവ്. 'വെറുതെ ഇരുന്ന് പരാതി പറയരുത്, എന്തെങ്കിലും ചെയ്യണം', തന്റെ അമ്മയുടെ വാക്കുകളെ കുറിച്ച് ഓര്‍ത്ത് കമല പ്രസംഗിക്കുമ്പോള്‍ ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനിക്കാം. 
കൂടുതല്‍വാര്‍ത്തകള്‍.