ലോകത്തിലെ നാലാമത്തെ ധനികന്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സില്‍ നിന്നും വിവാഹമോചനം തേടി ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്. ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹബന്ധം തിരിച്ചുകിട്ടാന്‍ കഴിയാത്ത വിധം തകര്‍ന്ന സാഹചര്യത്തിലാണ് വിവാഹമോചനം തേടി പെറ്റീഷന്‍ സമര്‍പ്പിച്ചതെന്ന് മെലിന്‍ഡ വ്യക്തമാക്കി. 130 ബില്ല്യണ്‍ പൗണ്ട് സൗഭാഗ്യം പങ്കുവെയ്‌ക്കേണ്ടി വരുന്ന അവസ്ഥയില്‍ ഒരു പ്രീനംപ്ടിയല്‍ എഗ്രിമെന്റില്‍ ഇവര്‍ ഒപ്പുവെച്ചിട്ടില്ല.
27 വര്‍ഷക്കാലത്തെ ദാമ്പത്യബന്ധം അവസാനിക്കുകയാണെന്ന് 65-കാരന്‍ ബില്‍ ഗേറ്റ്‌സും, 56-കാരി മെലിന്‍ഡയും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അഞ്ച് സ്റ്റേറുകളിലായുള്ള പ്രോപ്പര്‍ട്ടികള്‍, ഒരു സ്വകാര്യ ജെറ്റ്, വമ്പന്‍ ആര്‍ട്ട് കളക്ഷന്‍, ആഡംബര കാറുകളുടെ ശ്രേണി എന്നിങ്ങനെയുള്ള സമ്പത്തുകള്‍ പങ്കുവെയ്ക്കാനുള്ള എഗ്രിമെന്റില്‍ ഒപ്പിടാത്തതിനാല്‍ പോരാട്ടം കോടതിയില്‍ എത്തും. മെലിന്‍ഡയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. ദമ്പതികളുടെ മൂത്ത മകള്‍ കുടുംബം വെല്ലുവിളി നിറഞ്ഞ സമയം നേരിടുന്നതായി വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.
സ്വന്തം വികാരങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം കുടുംബാംഗങ്ങളെയും പിന്തുണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് 25-കാരി ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ജെന്നിഫറിനെ കൂടാതെ 21-കാരന്‍ റോറി, 18-കാരി ഫോബെ എന്നിവരും ദമ്പതികളുടെ മക്കളാണ്. വളരെയേറെ ചിന്തകള്‍ക്കും, പ്രവൃത്തികള്‍ക്കും ഒടുവിലാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബില്ലും, മെലിന്‍ഡയും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചു. '27 വര്‍ഷക്കാലം മൂന്ന് മികച്ച കുട്ടികളെ വളര്‍ത്തിയതിനൊപ്പം, ലോകമെമ്പാടും വളരുന്ന, ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഫൗണ്ടേഷനും വളര്‍ത്തി. ഇതില്‍ ഒരുമിച്ച് തന്നെ മുന്നോട്ട് നീങ്ങുമെങ്കിലും ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ ദമ്പതികളായി ഇനി വളരാന്‍ കഴിയില്ലെന്നാണ് തോന്നുന്നത്', ദമ്പതികള്‍ വിശദമാക്കി,
1990കളുടെ ആദ്യ ഘട്ടത്തിലാണ് കോടീശ്വരനായ ബില്‍ മെലിന്‍ഡയെ വിവാഹം ചെയ്യുന്നത്. 1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബില്‍ 1987-ല്‍ 31-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി. സിഇഒ ആയി ബില്‍ സേവനം നല്‍കിയ കമ്പനിയില്‍ ജോലി ചെയ്യാനെത്തിയ മെലിന്‍ഡയെ കണ്ടുമുട്ടി ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹബന്ധം തകരാനുള്ള കാരണം എന്തെന്ന് ഇപ്പോഴും ദുരൂഹമായി തുടരുമ്പോഴും, ജോലിയും കുടുംബവും സന്തുലിതമായി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണ് കാരണമെന്നാണ് മെലിന്‍ഡ് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളത്.