ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവമാണ്. എന്നാല്‍ അതിന് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആ കൊല അരങ്ങേറിയ മിനെയാപൊളിസ് 'കൊലപാതകങ്ങളുടെ പറുദീസയായി' മാറിയിരിക്കുന്നു. നഗരത്തിലെ പോലീസ് സേവനങ്ങള്‍ വെട്ടിക്കുറച്ചതോടെ ജനങ്ങളുടെ രക്തം കൊണ്ടാണ് ഇതിന് പ്രതിവിധി നല്‍കേണ്ടി വരുന്നത്.
വിവിധ സംഘങ്ങള്‍ തമ്മിലുള്ള അക്രമങ്ങള്‍ക്കും വെടിവെപ്പുകള്‍ക്കും ഇടയില്‍ പെട്ട് നിരവധി കുട്ടികളുടെ ജീവനാണ് മിനെയാപൊളിസില്‍ നഷ്ടമാകുന്നത്. പലസ്തീനില്‍ വസിക്കുന്ന അവസ്ഥയിലാണ് ഇവിടുത്തെ ജീവിതമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. ആവശ്യത്തിന് പോലീസില്ലാതെ വന്നതോടെ നഗരത്തില്‍ അക്രമികള്‍ പിടിമുറുക്കുകയും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെടിവെപ്പില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു.
കാര്‍ മോഷണത്തില്‍ 222 ശതമാനം വര്‍ദ്ധനവും, വെടിവെപ്പില്‍ 153 ശതമാനം വര്‍ദ്ധനവുമാണ് മിനെയാപൊലിസ് രേഖപ്പെടുത്തുന്നത്. എണ്‍പത് ശതമാനം ഇരകളും കറുത്തവരാണ്. ഈ വര്‍ഷം ഇതിനോടകം വെടിയേറ്റവരുടെ എണ്ണം 211 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 81 ആയിരുന്നു. കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുമ്പോഴും മിനെയാപൊളിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസുകാരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവ് വന്നു. മനുഷ്യത്വരഹിതമായി കുറ്റപ്പെടുത്തിയതോടെ 200 പോലീസ് ഓഫീസര്‍മാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ച് പോയെന്നാണ് കണക്ക്.
ഡെറെക് ഷോവിന്‍ ഇഫക്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. പോലീസ് പട്രോളിംഗ് കുറഞ്ഞതോടെ ഗ്യാംഗുകള്‍ ഈ അവസ്ഥ മുതലെടുക്കുകയാണ്.