CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 43 Seconds Ago
Breaking Now

വീട്ടിലേക്ക് വിളിച്ചാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കും, ഇത് അഞ്ചാമത്തെ ഫോണ്‍, നിരന്തര മര്‍ദ്ദനം, വിളിക്കുന്നത് രഹസ്യമായിട്ടെന്ന് വിസ്മയയുടെ അമ്മ

'രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്‌നങ്ങള്‍ മകള്‍ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.

വിസ്മയ എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്.  അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക് ആണ്. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പരീക്ഷ എഴുതിയെടുക്കാനായി ഉള്ള തയ്യാറെടുപ്പിലായിരുന്നു എന്നും അമ്മ വ്യക്തമാക്കുന്നു. BAMS പരീക്ഷ എഴുതാന്‍ കിരണിനു താല്പര്യമുണ്ടായിരുന്നില്ല.

എന്നാല്‍ പരീക്ഷാ ഫീസായി അമ്മയോട് വിളിച്ചു പറഞ്ഞു സ്വന്തം അക്കൗണ്ടിലേക്ക് പൈസ വരുത്തുകയായിരുന്നു വിസ്മയ. പിതാവിന്റെ ഫോണ്‍ നമ്പറുകള്‍ എല്ലാം വിസ്മയയുടെ ഫോണില്‍ നിന്ന് ഇയാള്‍ നീക്കം ചെയ്തിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അഥവാ വിളിച്ചാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കും. ഇത്തരത്തില്‍ അഞ്ചാമത്തെ ഫോണ്‍ ആയിരുന്നു വിസ്മയ ഉപയോഗിച്ചിരുന്നത്. സ്ഥിരമായി പാന്‍ പരാഗ് ചവച്ചു നടക്കുന്ന ആളാണ് ഇയാളെന്നും മുന്‍കോപിയാണെന്നും ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ക്രൂര മര്‍ദ്ദനമായിരുന്നു ഇയാളുടെ രീതിയെന്നും മാതാവ് പറയുന്നു.

'രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്‌നങ്ങള്‍ മകള്‍ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരണ്‍ പറഞ്ഞിട്ടായിരുന്നു ഇത്. അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടെയെന്ന് പറഞ്ഞാണ് തന്റെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്‌റൂമിലും മറ്റും പോയി ഒളിച്ചാണ് മോള് തന്നെ വിളിച്ചിരുന്നത്. കിരണ്‍ എങ്ങിനെയെങ്കിലും ജോലിക്ക് ഇറങ്ങി പോയാല്‍ നിങ്ങളെയെങ്കിലും വിളിച്ച് സംസാരിക്കാലോ എന്ന് അവള്‍ പറയുമായിരുന്നു.'

ബാത്‌റൂമിലും മറ്റും പോയി രഹസ്യമായാണ് വിസ്മയ തന്നെ വിളിച്ചിരുന്നത് എന്നും ഇവര്‍ പറയുന്നു. കിരണ്‍ വെളിയില്‍ പോകാന്‍ കാത്തിരുന്നാണ് വിസ്മയ പലപ്പോഴും അമ്മയെ വിളിച്ചിരുന്നത്. ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും പരീക്ഷ എഴുതി എടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു എന്നും മാതാവ് പറയുന്നു.

'ഒരു ദിവസം കിരണ്‍ അടിച്ചിട്ട് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാന്‍ പറഞ്ഞു. അപ്പോള്‍ നാട്ടുകാര്‍ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാമെന്നാണ് മകള്‍ പറഞ്ഞത്. അത് നടന്നിട്ട് കുറച്ച് നാളായി.'

'പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് വിവാഹ വാര്‍ഷികമൊക്കെ ആഘോഷിച്ച് ഫോട്ടോസ് ഒക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും' വിസ്മയയുടെ അമ്മ ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.