
















സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നു. കടുത്ത എതിര്‍പ്പുയര്‍ന്ന തൃശൂര്‍ അതിരൂപതയില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്‌റൂസ് താഴത്ത് പുതിയ കുര്‍ബാനയര്‍പ്പിച്ചു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആണ് ബിഷപ്പ് കുര്‍ബാനയര്‍പ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പുതിയ രീതിയെ എതിര്‍ക്കുന്നവരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ് പുതിയ കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്. സഭയില്‍ ഭിന്നതയില്ലെന്നും സഭയുടെ ഐക്യത്തിനാണ് പുതിയ തീരുമാനമെന്നും ബിഷപ്പ് കുബാനയര്‍പ്പണത്തിന് മുന്‍പായി വിശദീകരിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുര്‍ബാനക്രമം നടപ്പിലാക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാനയര്‍പ്പിക്കുന്നത്. സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്.