കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു കല്യാണം നടന്നു. കൊട്ടും കുരവയും താലികെട്ടുമൊക്കെയായി ആകെ ഒരു ഉത്സവത്തിന്റെ പ്രതീതിയില്‍ ഒരു കല്യാണം. ഈ കല്യാണത്തിന്റെ പ്രത്യേകതയെന്തായിരുന്നുവെന്നാല്‍ ഇതില്‍ പെണ്ണും ചെറുക്കനും പങ്കെടുത്തിരുന്നില്ല. എന്ന് വെച്ചാല്‍ ഇവരുടെ തിരക്ക് മൂലം ബന്ധുക്കള്‍ കല്യാണം നടത്തിയെന്നോ മറ്റോ അല്ല, കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള പ്രേതക്കല്യാണമായിരുന്നു ഇത്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ശോഭയുടെയും ചന്ദപ്പന്റെയും വിവാഹമാണ് ബന്ധുക്കള്‍ ആര്‍ഭാടമായി നടത്തിയത്. ജനനത്തോടെ മരിച്ചുപോയ കുട്ടികള്‍ക്ക് വിവാഹപ്രായമെത്തുമ്പോള്‍ നടത്തുന്ന പ്രേതക്കല്യാണത്തിലൂടെയായിരുന്നു ഇരുവരുടെയും മാംഗല്യം. ആത്മാക്കളെ ആദരിക്കാന്‍ ചില വിഭാഗക്കാര്‍ പിന്തുടര്‍ന്ന് പോരുന്ന ആചാരമാണിത്.
വരന്റെയും വധുവിന്റെയും സ്ഥാനത്ത് അണിയിച്ചൊരുക്കിയ കോലങ്ങളാണുണ്ടാവുക. ബാക്കിയൊക്കെ മറ്റ് കല്യാണങ്ങള്‍ക്ക് സമാനമായിരിക്കും. ഇരുവീട്ടുകാരും ചേര്‍ന്ന് തീയതി നിശ്ചയിച്ചുറപ്പിക്കുന്നതോടെയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. പിന്നീട് വിവാഹത്തിന് ആട്ടവും പാട്ടുമൊക്കെ ചേര്‍ന്ന് ഘോഷയാത്രയായി ആളുകളെത്തും. വധുവിന് അണിയാനുള്ള സാരി വരന്റെ വീട്ടുകാരാണ് നല്‍കുക.
ഇതുടക്കാനുള്ള സമയവും വധുവിന് നല്‍കും. പിന്നീട് ഏഴ് തവണ അഗ്‌നിയെ വലം വെയ്ക്കുന്ന ചടങ്ങുകളുള്‍പ്പടെ ആചാരപ്രകാരം വിവാഹം. ശേഷം ഗംഭീരമായ സദ്യ. ഇതോട് കൂടി കല്യാണച്ചടങ്ങുകള്‍ പര്യവസാനിക്കും. കുട്ടികള്‍ക്കും അവിവാഹിതര്‍ക്കും വിവാഹച്ചടങ്ങുകളിലേക്ക് ക്ഷണമില്ല.