CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 32 Seconds Ago
Breaking Now

എഐ നിര്‍മിത നഗ്‌നചിത്രം ഓണ്‍ലൈനില്‍: ബംഗളുരുവില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ചിത്രങ്ങളെടുത്ത് മുഖം വേര്‍തിരിച്ച് എഐ ഉപയോഗിച്ച് നഗ്‌ന ചിത്രങ്ങള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എഐ ഉപയോഗിച്ച് നിര്‍മിച്ച നഗ്‌ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഗരത്തിലെ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി. ബംഗളൂരു നഗരത്തിലെ പ്രശസ്തമായ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രമാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തങ്ങളുടെ കൗമാരക്കാരിയായ മകളുടെയും മറ്റൊരു വിദ്യാര്‍ത്ഥിനിയുടെയും നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതായി മാതാപിതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു. സ്‌കൂളിന്റെ പേരിലുള്ള 50ല്‍ പരം അംഗങ്ങളുള്ള അനൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഈ മാസം 24നാണ് 15 വയസ്സുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ചിത്രങ്ങളെടുത്ത് മുഖം വേര്‍തിരിച്ച് എഐ ഉപയോഗിച്ച് നഗ്‌ന ചിത്രങ്ങള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു. വ്യാജ ഐഡി ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ സ്‌കൂളിന്റെ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നതിനാല്‍ ഇത് അറിയാവുന്ന ആളായിരിക്കണം ഇത് ചെയ്‌തെന്ന് അവര്‍ സംശയിക്കുന്നു.

മാതാപിതാക്കളുടെ പരാതിയില്‍ സൈബര്‍ സെല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്‌കൂള്‍ തലത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ മധ്യവേനല്‍ അവധിക്ക് പൂട്ടിയ സമയത്ത് പെണ്‍കുട്ടിയുടെ ഒപ്പം സ്‌കൂളില്‍ പഠിക്കുന്നയാള്‍ തന്നെയാണ് ഇത് ചെയ്തതെന്ന് സംശയിക്കുന്നു. പെണ്‍കുട്ടിയുടെയും കുറ്റം ചെയ്‌തെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയുടെയും മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ''പെണ്‍കുട്ടിയുടെയും കുറ്റം ചെയ്തയാളുടെയും മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. അവരുടെ തീരുമാനത്തിനായി കാത്തിരിക്കാം. ഇത് സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ട വിഷയമാണ്,'' സംഭവവുമായി അടുത്ത ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.