സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ഇന്ന് അധികാരമേല്‍ക്കും. രാത്രി എട്ടിനാണ് സത്യപ്രതിജ്ഞ. പതിനഞ്ച് അംഗങ്ങളാകും ഉപദേശക കൗണ്‍സിലിലുണ്ടാവുക. രാജ്യത്ത് സമാധാനം പാലിക്കാനും അക്രമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തു.
സര്‍ക്കാരിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് യൂനുസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും, ഇടക്കാല സര്‍ക്കാരിന് ശേഷം അധികാരത്തിലിരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് പാരീസില്‍ തങ്ങുന്ന യൂനുസ് ഇന്ന് വൈകിട്ട് ബംഗ്ലാദേശിലെത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്. പ്രക്ഷോഭം നയിച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് മുഹമ്മദ് യൂനസിനെ തിരഞ്ഞെടുത്തത്.
അതേസമയം പ്രക്ഷോഭം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുകയാണ്. അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 469 ആയി. ധാക്ക ഇന്ത്യന്‍ ഹൈകമീഷനിലെ മിക്ക ജീവനക്കാരും കുടുംബാംഗങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തി. എന്നാല്‍ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഹൈകമീഷന്‍ പ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.