ബ്രിട്ടന്റെ പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയിലാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത്. അതേസമയം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള വഴിയിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ കടമെടുപ്പ് ചെലവുകള്‍ ഇപ്പോള്‍ താഴാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. 'പലിശ നിരക്കുകള്‍ കുറയുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്, അതില്‍ ശുഭാപ്തി വിശ്വാസമുണ്ട്', അദ്ദേഹം പറഞ്ഞു.
മോണിറ്ററി പോളിസി കമ്മിറ്റിയില്‍ എട്ട് അംഗങ്ങള്‍ നിരക്ക് നിലനിര്‍ത്താനും, ഒരാള്‍ കുറയ്ക്കാനും വോട്ട് ചെയ്തു. ഇതോടെ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേളയായി. കഴിഞ്ഞ മാസമാണ് കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ബാങ്ക് പലിശ നിരക്ക് കുറച്ചത്. 2022 അവസാനം പണപ്പെരുപ്പം 11% വരെ കൊടുമുടി കയറിയ ശേഷം തിരിച്ചിറങ്ങിയെങ്കിലും നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ തുടരുകയാണ്.
പണപ്പെരുപ്പ സമ്മര്‍ദം കുറയുന്നുണ്ടെങ്കിലും മോണിറ്ററി പോളിസി കമ്മിറ്റി അതിവേഗത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷ വേണ്ടെന്ന് ബെയ്‌ലി പറഞ്ഞു. ആഗസ്റ്റില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിലാണുള്ളത്. നവംബറില്‍ ചേരുന്ന അടുത്ത പോളിസി യോഗത്തില്‍ നിരക്കുകള്‍ 4.75 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിപണികളുടെ പ്രതീക്ഷ.