ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ ലക്ഷ്യമിട്ട് ടെസ്ല ശതകോടീശ്വരന്‍ എലണ്‍ മസ്‌ക് ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണങ്ങള്‍ ശക്തമാണ്. ഇതിന്റെ ഭാഗമായാണ് മസ്‌ക് ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് എതിരെ പരസ്യമായി അഭിപ്രായം പറയുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ വരെ കടന്നാക്രമിക്കുന്ന മസ്‌കിന് പിന്നില്‍ സഹായിയായി ഡൊമനിക് കുമ്മിംഗ്‌സ് നില്‍ക്കുന്നുണ്ടെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
ബോറിസ് ജോണ്‍സന്റെ മുന്‍ നം. 10 ഉപദേശകനാണ് കുമ്മിംഗ്‌സ്. സ്വന്തമായി പാര്‍ട്ടി തയ്യാറാക്കി പരമ്പരാഗത വെസ്റ്റ്മിന്‍സ്റ്റര്‍ സിസ്റ്റം തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. എലണ്‍ മസ്‌കിന്റെ ആശയങ്ങള്‍ക്കൊപ്പം ചേരുന്ന വ്യക്തി കൂടിയാണ് കുമ്മിംഗ്‌സ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി യുഎസ് ഗവണ്‍മെന്റ് ചെലവുകള്‍ ചുരുക്കാനുള്ള പദ്ധതികള്‍ക്ക് മസ്‌കിനെ ഉപദേശിക്കുന്നതും ഇദ്ദേഹമാണെന്നാണ് കരുതുന്നത്.
കീര്‍ സ്റ്റാര്‍മറിന് എതിരായി സോഷ്യല്‍ മീഡിയയില്‍ മസ്‌ക് നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നിലും കുമ്മിംഗ്‌സ് ആണെന്നാണ് പറയപ്പെടുന്നത്. സ്റ്റാര്‍മറെ ഓഫീസില്‍ നിന്നും തെറിപ്പിക്കുമെന്നാണ് ഇവരുടെ നിലപാട്. ഗ്രൂമിംഗ് ഗ്യാംഗ് വിവാദത്തില്‍ യഥാര്‍ത്ഥ പ്രതികളെ മറച്ചുപിടിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി പുലര്‍ത്തുന്നതെന്നാണ് മസ്‌ക് ആരോപിക്കുന്നത്.
റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിനെയും അട്ടിമറിക്കണമെന്ന് നേരത്തെ മസ്‌ക് നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇത് തിരുത്തി ഇപ്പോള്‍ രണ്ട് പേരും അടുത്തിട്ടുണ്ടെന്നാണ് ഫരാഗ് വെളിപ്പെടുത്തുന്നത്. മസ്‌കിന് പിന്നില്‍ കുമ്മിംഗ്‌സാണെന്നാണ് ലേബര്‍ സംശയിക്കുന്നത്.