സാമ്പത്തിക വിപണികള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ചിരിച്ചുതള്ളി ചാന്‍സലര്‍. റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് വിപണിയെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുമ്പോഴാണ് തന്നെ ബാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച് ചാന്‍സലര്‍ പിടിച്ചുനില്‍ക്കുന്നത്. പാര്‍ലമെന്റില്‍ ടോറികള്‍ ഉള്‍പ്പെടെയുള്ളവര്‍ റീവ്‌സിന്റെ ബജറ്റ് ടാക്‌സ് വേട്ടയെ കുറ്റപ്പെടുത്തുമ്പോഴാണ് ചാന്‍സലര്‍ ഇതെല്ലാം നിസ്സാരമെന്ന മട്ടില്‍ ഇരുന്നത്.
റീവ്‌സിനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം രൂക്ഷമാണ്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ റെക്കോര്‍ഡ് വര്‍ദ്ധന നേരിട്ടതോടെ സ്വന്തം സാമ്പത്തിക നയങ്ങള്‍ വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചാന്‍സലര്‍. പാര്‍ലമെന്റിന്റെ അവസാനം വരെ ചാന്‍സലര്‍ റീവ്‌സ് തന്നെയായിരിക്കുമെന്ന് സ്റ്റാര്‍മര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ രണ്ട് പോംവഴികള്‍ മാത്രമാണ് ചാന്‍സലര്‍ക്ക് മുന്നിലുള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നുകില്‍ ചെലവ് ചുരുക്കുക, അല്ലെങ്കില്‍ നികുതി വീണ്ടും വര്‍ദ്ധിപ്പിക്കുക എന്നിവയാണത്. ചെലവ് ചുരുക്കുന്ന വഴിയിലേക്കാണ് നീങ്ങുകയെന്ന് റീവ്‌സ് സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ പൗണ്ട് ഇതിനകം 14 മാസത്തെ താഴ്ചയില്‍ എത്തുകയും, ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ 27 വര്‍ഷത്തെ ഉയരത്തില്‍ എത്തിയെന്നും ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് സഭയില്‍ ഓര്‍മ്മിപ്പിച്ചു. വളര്‍ച്ചയെ കൊന്നു, പണപ്പെരുപ്പം ഉയരുന്നു, പലിശ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം ഉയര്‍ന്ന് നില്‍ക്കുന്നു, ബിസിനസ്സുകളുടെ ആത്മവിശ്വാസവും കെടുത്തുന്നു, സ്‌ട്രൈഡ് പറഞ്ഞു.