ബ്രിട്ടനെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ച് ബജറ്റ് അവതരിപ്പിച്ച ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് സകല ഭാഗത്ത് നിന്നും തിരിച്ചടിയാണ് നേരിടുന്നത്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ റെക്കോര്‍ഡ് തോതില്‍ ഉയരുകയും, പൗണ്ട് ഇടിയുകയും, സാമ്പത്തിക വിപണികള്‍ ആഘാതം സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ റീവ്‌സിന്റെ കസേര ഇളകുമെന്നായിരുന്നു അഭ്യൂഹം.
എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ലെന്നും ഈ പാര്‍ലമെന്റ് കാലയളവില്‍ റീവ്‌സ് ചാന്‍സലറായി തുടരുമെന്നും ഇപ്പോള്‍ നം.10 വക്താവ് ആവര്‍ത്തിക്കുന്നു. യാതൊരു ഉറപ്പുമില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ പോലും സംശയം പറഞ്ഞ ശേഷമാണ് ഈ സ്ഥിരീകരണം. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് ട്രേഡര്‍മാര്‍ സ്വീകരിക്കുന്നത്. ഇതിനിടെ ഡോളറിനെതിരെ പൗണ്ടിന്റെ അവസ്ഥ കൂടുതല്‍ മോശമായി.
ചൈനയില്‍ നിന്നും കൈനിറയെ ബിസിനസ്സുമായി മടങ്ങിവരാമെന്ന് കരുതിയ റീവ്‌സ് 'ചില്ലറ' ബിസിനസ്സ് മാത്രം ഒപ്പിച്ച് തിരിച്ചെത്തിയതും വിനയായി. നാട്ടിലെത്തിയ ചാന്‍സലര്‍ക്ക് ഇനി ചെലവ് ചുരുക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടി വരും. ലണ്ടനില്‍ പ്രസംഗിച്ച കീര്‍ സ്റ്റാര്‍മര്‍ റീവ്‌സിന് മേല്‍ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞെങ്കിലും ഇവര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ സ്ഥാനത്ത് നിലനില്‍ക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ഇതോടെയാണ് റീവ്‌സ് പിടിച്ചുതൂങ്ങി നില്‍ക്കുകയാണെന്ന് ടോറികളുടെ വിമര്‍ശനം വന്നത്.
എന്നാല്‍ അഭ്യൂഹങ്ങള്‍ തല്ലിക്കെടുത്തി പ്രധാനമന്ത്രിയുടെ പിന്തുണ ചാന്‍സലര്‍ക്ക് പിന്നിലുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. തല്‍ക്കാലത്തേക്ക് റീവ്‌സിന് ആശ്വസിക്കാമെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഈ ഓഫര്‍ പിന്‍വലിക്കപ്പെടാനും സാധ്യതയുണ്ട്. വിപണികള്‍ ദുര്‍ഘടാവസ്ഥയിലാണെന്നും, ബിസിനസ്സുകളുടെ ആത്മവിശ്വാസം ഇടിഞ്ഞുതകര്‍ന്നെന്നും ചൂണ്ടിക്കാണിച്ച ടോറി നേതാവ് കെമി ബാഡെനോക് പക്ഷെ വിഷയത്തില്‍ ചാന്‍സലറുടെ പൊടിപോലും കാണാനില്ലെന്നും ആരോപിച്ചു.