കഴിഞ്ഞ വര്‍ഷം എ&ഇകളില്‍ ട്രോളികളില്‍ 12 മണിക്കൂറും അതിലേറെയും കാത്തിരുന്നത് 518,000 രോഗികളാണെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. ഒരു ദശകം മുന്‍പ് കേവലം 1306 പേര്‍ നേരിട്ട അവസ്ഥയാണ് ഇപ്പോള്‍ 400 മടങ്ങ് അധികമായി വളര്‍ന്നിരിക്കുന്നത്. ബെഡുകളുടെ ക്ഷാമം നേരിടുന്നതിനാല്‍ ജീവനക്കാര്‍ക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഇതോടെ വിന്റര്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അപകടകരമായ നിലയില്‍ എത്തിയെന്നാണ് വ്യക്തമാകുന്നത്. ഇതിനകം 20 ട്രസ്റ്റുകളാണ് സ്ഥിതി ഗുരുതരമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച ഫ്‌ളൂ ബാധിച്ച് പ്രതിദിനം 5408 രോഗികളാണ് ആശുപത്രികളില്‍ എത്തിയതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. 256 പേര്‍ ക്രിട്ടിക്കല്‍ കെയറിലാണ്. കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ഈ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. സ്‌കൂളുകളില്‍ നിന്നും വൈറസ് പിടിപെടുന്ന കുട്ടികള്‍ വീടുകളില്‍ ഇത് മറ്റ് കുടുംബാംഗങ്ങള്‍ക്ക് കൈമാറാന്‍ സാധ്യത ഏറെയാണ്.
ഒരു ദശകത്തിനിടെയുള്ള ഏറ്റവും ദുരിതം നിറഞ്ഞ ഫ്‌ളൂ സീസണാണ് എന്‍എച്ച്എസ് ഇക്കുറി നേരിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിസന്ധി മുറുകുമ്പോഴും ലേബര്‍ ഗവണ്‍മെന്റ് കണ്ണടച്ച് ഇരിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇടനാഴി പരിചരണം സുരക്ഷിതമല്ലെന്ന് മാത്രമല്ല അന്തസ്സില്ലാത്തതാണെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ പ്രൊഫ. ഫില്‍ ബാന്‍ഫീല്‍ഡിന്റെ പ്രതികരണം. നൂറുകണക്കിന് രോഗികളാണ് ഒഴിവാക്കാവുന്ന മരണം ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.