ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡാം റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ശനിയാഴ്ച ചികിത്സ വൈകിയതിന്റെ പേരില്‍ രോഗി നഴ്‌സിനെ കുത്തിവീഴ്ത്തിയ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ദുരന്തം നേരിട്ടത് ഒരു മലയാളി നഴ്‌സിനാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.
57-കാരി അച്ചാമ്മ ചെറിയാനെയാണ് അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിക്കിടെ കാത്തിരുന്ന് രോഷാകുലനായ രോഗി കത്രിക ഉപയോഗിച്ച് കുത്തിയത്. ഇവരുടെ കഴുത്തിലാണ് പരുക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമ കേസ് ചുമത്തി ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
നഴ്‌സിന് ഗുരുതരമായ പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രിയില്‍ നിന്നും ഏതാനും മിനിറ്റ് മാത്രം അകലെയാണ് അച്ചാമ്മ ചെറിയാനും, ഭര്‍ത്താവും താമസിച്ച് വരുന്നത്. രാത്രി ഷിഫ്റ്റുകളില്‍ പതിവായി പോകേണ്ടി വന്നിരുന്ന നഴ്‌സിനെ ജോലിക്ക് പോകുമ്പോഴാണ് കാണാറുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു.
2007 മുതല്‍ ഇവിടെ താമസിക്കുന്ന വ്യക്തിയാണ് അച്ചാമ്മ ചെറിയാനെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. അലക്‌സാണ്ടര്‍ ചാണ്ടിയാണ് അച്ചാമ്മയുടെ ഭര്‍ത്താവ്.
കോടതിയില്‍ ഹാജരാക്കിയ ഹേഗ് തന്റെ പേര് 'മുഹമ്മദ് റോമന്‍ ഹേഗ്' എന്നാണെന്ന് സ്വയം അറിയിച്ചു. ഫെബ്രുവരി 18ന് മിന്‍സ്ഹള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് ഇയാളെ ഇനി ഹാജരാക്കുക. ഈ സമയം വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് കോടതി ചെയ്തത്. പരുക്കേറ്റ നഴ്‌സ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു. നഴ്‌സിന് കുത്തേറ്റ സംഭവത്തില്‍ നഴ്‌സുമാര്‍ എന്‍എച്ച്എസിന്റെ നട്ടെല്ലാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചത്.