ഒരു മാസത്തെ വാടക തുകയില്‍ കൂടുതല്‍ അഡ്വാന്‍സായി ചോദിക്കുന്നതിന് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക് ഏര്‍പ്പെടുത്താന്‍ പുതിയ നിയമം. റെന്റേഴ്‌സ് റൈറ്റ്‌സ് ബില്ലിലെ മാറ്റങ്ങളാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ് ഏജന്‍സികള്‍ക്കും വാടകക്കാര്‍ക്കിടയില്‍ അലിഖിത 'ലേലം' നടത്തുന്ന രീതിക്കും അവസാനം കുറിയ്ക്കുന്നത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആറ്, ഒന്‍പത്, ചിലപ്പോള്‍ 12 മാസം വരെ വാടക അഡ്വാന്‍സായി ചോദിക്കുന്ന രീതി നടക്കുന്നുണ്ടെന്ന് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് എംപിമാരോട് പറഞ്ഞു. ഇത് വാടകക്കാരുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്ന നിലയിലേക്കാണ് വര്‍ദ്ധിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇവര്‍ക്ക് താമസിക്കാന്‍ വീട് തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
വാടകക്കാരോട് വന്‍ തുക മുന്‍കൂറായി ആവശ്യപ്പെട്ടാല്‍ 5000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ് ഏജന്‍സികള്‍ക്കും മന്ത്രി മുന്നറിയിപ്പ് നല്‍കി. ബില്ലില്‍ വരുത്തുന്ന പുതിയ മാറ്റങ്ങളിലൂടെ വാടകക്കാര്‍ക്ക് ഇത്തരത്തിലുള്ള അന്യായ ആവശ്യങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് പ്രഖ്യാപനം.
ബില്ലിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു പെന്നികുക്ക്. പുതിയ വാടകക്കാരില്‍ നിന്നും അന്യായമായ തുക മുന്‍കൂര്‍ ചോദിക്കുന്ന രീതിയെ ഹൗസിംഗ് സെക്രട്ടറിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ആഞ്ചെല റെയ്‌നര്‍ രൂക്ഷമായി വിമര്‍ശിച്ചു.എന്നാല്‍ ഒരു മാസത്തില്‍ കൂടുതല്‍ മുന്‍കൂര്‍ ലഭിക്കാത്ത പക്ഷം വാടകക്കാര്‍ക്ക് വാടക നല്‍കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ലാന്‍ഡ്‌ലോര്‍ഡ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കി.