വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് കെട്ടടങ്ങുകയാണ്. ഗവണ്‍മെന്റിന്റെ കുടിയേറ്റ കണക്കുകളില്‍ ഇത് മേന്മയോടെ സ്ഥാനം പിടിക്കുമെങ്കിലും ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളുടെ കണക്കുകള്‍ തെറ്റിക്കുന്നതാണ് ഈ അവസ്ഥ. ഇതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കുറയ്ക്കാനും, ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുമുള്ള ബ്ലൂപ്രിന്റ് അവതരിപ്പിച്ച് തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് യൂണിവേഴ്‌സിറ്റികള്‍ തേടുന്നത്.
വൈസ് ചാന്‍സലര്‍മാര്‍ പ്രസിദ്ധീകരിക്കുന്ന ബ്ലൂപ്രിന്റ് ഇംഗ്ലണ്ടിലെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. പണപ്പെരുപ്പത്തിന് ആനുപാതികമായി ഫീസും, ഗവണ്‍മെന്റ് നല്‍കുന്ന സാമ്പത്തിക പിന്തുണയും ഉയര്‍ത്തണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സ്വയം നിയന്ത്രിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിര്‍ദ്ദേശങ്ങളും യൂണിവേഴ്‌സിറ്റീസ് യുകെ ബ്ലൂപ്രിന്റില്‍ ഉള്‍പ്പെടുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലങ്ങളുടെ ക്ഷാമം നേരിടുകയും, പ്രാദേശിക സേവനങ്ങള്‍ സമ്മര്‍ദത്തിലാകുകയും ചെയ്യുന്നത് തിരിച്ചറിഞ്ഞാണ് ഈ ഓഫറുകളെന്ന് യുയുകെ പറയുന്നു. യുകെയിലെ നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുമെന്നാണ് ലേബര്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ 2017 മുതല്‍ ആഭ്യന്തര ഫീസ് 9250 പൗണ്ടില്‍ ക്യാപ്പ് ചെയ്തിരിക്കുന്നതിനാല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത അവസ്ഥയാണ്. ഇവരില്‍ നിന്നും നേടുന്ന ബില്ല്യണുകള്‍ യൂണിവേഴ്‌സിറ്റികള്‍ക്കും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സുപ്രധാനവുമാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിച്ച് വിദേശ വിദ്യാര്‍ത്ഥികളെ കുറയ്ക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നത്.