കടലുണ്ടി കോട്ടക്കടവിലെ ടി എം എച്ച് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍. കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസില്‍ വിനോദ് കുമാറിന്റെ (60) മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയിലാണ് ആര്‍എംഒ ആയിരുന്ന പത്തനംതിട്ട ചാത്തനേരി വലിയപറമ്പില്‍ വീട്ടില്‍ അബു എബ്രഹാം ലൂക്കിനെ (30) ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തത്.
എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാതെയാണ് പ്രതി ചികിത്സ നടത്തിയത്. വഞ്ചന, ആള്‍മാറാട്ടം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദീഖ് പറഞ്ഞു.
സെപ്റ്റംബര്‍ 23 ന് പുലര്‍ച്ചെ 4.30 ഓടെയാണ് വിനോദ് കുമാറിനെ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധന നടത്താതെ രക്തപരിശോധനയാണ് നടത്തിയതെന്നും തുടര്‍ന്ന് അരമണിക്കൂറിനകം രോഗി മരിച്ചെന്നുമാണ് കുടുംബം പറയുന്നത്.
27ന് വിനോദ് കുമാറിന്റെ സഹോദരന്റെ ചികിത്സയ്ക്കായി വിനോദ് കുമാറിന്റെ മകനും ഡോക്ടറുമായ അശ്വിനും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ അബു എബ്രഹാം ലൂക്കിന് എംബിബിഎസ് ബിരുദമില്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അഞ്ചുവര്‍ഷമായി അബു എബ്രഹാം ഇവിടെ ആര്‍എംഒ ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ചില ആശുപത്രികളില്‍ ജോലിചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം അബു എബ്രഹാം ആര്‍എംഒ ആയി ആശുപത്രിയില്‍ ജോലിചെയ്തിരുന്നുവെന്ന് ആശുപത്രി മാനേജര്‍ പി മനോജ് പറഞ്ഞു. ഇപ്പോള്‍ ജോലിയില്‍നിന്ന് നീക്കിയതായും അദ്ദേഹം പറഞ്ഞു.