
















കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് പൊലീസ്. മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. അതിജീവിതയെ അപമാനിച്ചവരുടെ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പരിശോധിക്കുക. സമൂ?ഹമാധ്യമങ്ങളില്‍ അതിജീവതയെ അധിക്ഷേപിക്കാനായി ആരെങ്കിലും സാമ്പത്തിക സാഹയം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. മാര്‍ട്ടിന്റെ വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നാണെന്നും പൊലീസ് പരിശോധിക്കും. മാര്‍ട്ടിന്റെ വീഡിയോ ചിത്രീകരിച്ചവരിലേക്കും പൊലീസ് അന്വേഷണം നടത്തും.
അതിജീവിതക്ക് എതിരെയുള്ള കുറിപ്പുകളില്‍ സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയ്ക്ക് എതിരെയുള്ള കുറിപ്പുകളുടെ ഉറവിടവും പരിശോധിക്കുന്നുണ്ട്. അതിജീവിതയ്ക്ക് എതിരെ കമന്റ് ചെയ്തവരെയും പ്രതിയാക്കും. സംഭവത്തില്‍ തൃശ്ശൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘത്തിനെ നിയമിക്കും.
അതേസമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത പ്രതി മാര്‍ട്ടിനെതിരെ പൊലീസ് കേസെടുത്തു . തൃശ്ശൂര്‍ സൈബര്‍ പൊലിസ് ആണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍ . നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരന്‍ ആണ്. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തില്‍ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണം അതിജീവിത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഇതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.