
















നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ വിധേയമായി കോടതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നീക്കം.
ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ഈ ഹര്‍ജിയെ എതിര്‍ത്തേക്കും. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ക്കുക. മുന്‍പ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്.
അതേസമയം അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും.