CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 17 Seconds Ago
Breaking Now

കൈരളി യുകെ സംഘടന ക്യാമ്പ് ദ്യുതി 2024 നോര്‍ത്താംപ്ടണില്‍ സമാപിച്ചു

കൈരളിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവി മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതിനുമായി 'ദ്യുതി' അഥവാ പ്രകാശം പരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ നാമകരണം ചെയ്ത ക്യാമ്പിനു നോര്‍ത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ തിരശീല വീണു. ഒക്ടോബര്‍ നാലു മുതല്‍ ആറു വരെ റീകണക്ട്, റിഫ്‌ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ മുന്നിര്‍ത്തി നടന്ന ക്യാമ്പില്‍ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേര്‍ പങ്കെടുത്തു. യുകെ പോലെയുള്ള വിശാലമായ ഭൂപ്രദേശത്ത് പല കോണുകളില്‍ പ്രവര്‍ത്തിക്കുന്ന കൈരളിയുടെ വിവിധ ഭാരവാഹിത്വങ്ങള്‍ ഉള്ളവരെ ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ഒരു പ്രധാന ലക്ഷ്യം. പല കാലഘട്ടങ്ങളില്‍ യുകെയില്‍ എത്തിയവര്‍, ലോകത്തിന്റെ പല ഭാഗങ്ങളില്‍ സമാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍, വിദ്യാര്‍ത്ഥികളായി എത്തിയവര്‍, ഇങ്ങനെ വിവിധ അനുഭവ സമ്പത്തുള്ള എല്ലാവരെയും ഒരുമിച്ച് കൂട്ടിയിണക്കുവാന്‍ ക്യാമ്പിനു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് കൊല്ലം കൈരളി എന്തായിരുന്നു, വരും വര്‍ഷങ്ങളില്‍ എന്തായിരിക്കണം എന്ന് വിവിധ വീക്ഷണകോണുകളില്‍ നിന്ന് 'ദ്യുതി 24' ക്യാമ്പില്‍ ഏറെ ഗൗരവകരമായി ചര്‍ച്ച ചെയ്തു. യൂണിറ്റ് കമ്മറ്റി മുതല്‍, ഉപരികമ്മറ്റികള്‍ വരെ നേരിടുന്ന പ്രശ്‌നങ്ങള്‍, വരുത്തേണ്ട മാറ്റങ്ങള്‍, തുടരേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകള്‍ ബിജോയ് സെബാസ്റ്റ്യന്‍, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമന്റ്, എല്‍ദോ പോള്‍, നോബിള്‍ തെക്കേമുറി , പാഷ്യ എം, ജോസന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

കൈരളിയുടെ പ്രവര്‍ത്തനത്തെ പറ്റിയുള്ള വൈവിദ്ധ്യമായ വീക്ഷണങ്ങള്‍ സ്വരൂപിക്കുവാന്‍ നടത്തിയ 'ഡിഫറന്റ് പെര്‍സ്സ്‌പെക്ടീവ്' എന്ന സെഷന്‍ പ്രാതിനിധ്യം കൊണ്ടും കാഴ്ചപാടുകള്‍ കൊണ്ടും ശ്രദ്ധേയമായി. കല കുവൈറ്റ് മുന്‍ സെക്രട്ടറി സൈജു റ്റി കെ, കൈരളി ഒമാന്‍ മുന്‍ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്, IWA സെക്രട്ടറി ലിയോസ് പോള്‍, AIC എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ആഷിക്ക് മുഹമ്മദ്, രേഖ ബാബുമോന്‍, വരുണ്‍ ചന്ദ്രബാലന്‍, നിഖില്‍, സനത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച ഉച്ചവരെ നടന്ന ക്യാമ്പില്‍ എത്തിയവര്‍ക്ക് സന്തോഷിക്കുവാനും സൗഹൃദങ്ങള്‍ പങ്കുവെക്കുവാനും വിവിധതരം കളികള്‍, പാട്ടുകൂട്ടം, ക്യാമ്പ് ഫയര്‍ ഉള്‍പ്പെടെ മറ്റ് പരിപാടികളും ഒരുക്കിയിരുന്നു. ദ്യുതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, സൗകര്യങ്ങള്‍ ഒരുക്കിയ റോക്ക് യുകെ, ഭക്ഷണം ഒരുക്കിയ നോട്ടിങ്ഹാം നാലുകെട്ട് കേറ്ററേഴ്‌സ് എന്നിവര്‍ക്ക് കൈരളി UK നന്ദി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.