ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ മരണം ഇസ്രയേല്‍ ആഘോഷമാക്കുന്നതിനിടെ വൈറലായി സിന്‍വാറിന്റെ പഴയ വീഡിയോ. ഇസ്രയേല്‍തന്നെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് സിന്‍വാര്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇസ്രയേലിന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് തന്നെ കൊലപ്പെടുത്തുന്നത് എന്നാണ് സിന്‍വാറിന്റെ വാക്കുകള്‍.
'ശത്രുവും അധിനിവേശവും എനിക്ക് നല്‍കുന്ന ഏറ്റവും വിലമതിക്കാനാകാത്ത സമ്മാനം ഇസ്രയേലിനാല്‍ സംഭവിക്കുന്ന എന്റെ മരണമായിരിക്കും. കാരണം അതെന്നെ അവരുടെ കൈകളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷിയായായിരിക്കും അല്ലാഹുവനടുക്കലെത്തിക്കുക. സത്യമായും കൊവിഡ് ബാധിച്ചോ, കാറപകടത്തിലോ, ഹൃദയാഘാതത്താലോ, മനുഷ്യര്‍ മരിക്കുന്ന മറ്റെന്തെങ്കിലും കാരണത്താലോ മരിക്കുന്നതിലും, മിസൈലുകളാലോ റോക്കറ്റുകളാലോ കൊല്ലപ്പെടണമെന്നാണ് എന്റെ ആഗ്രഹം. എനിക്കിപ്പോള്‍ വയസ് 59 ആണ്. അറുപതുകള്‍ മനുഷ്യനെ മരണത്തിലേക്ക് അടുപ്പിക്കുന്ന പ്രായമാണ്. അര്‍ത്ഥ ശൂന്യമായ ഒരു മരണത്തേക്കാള്‍ അര്‍ത്ഥമുള്ള രക്തസാക്ഷിയാകണമെന്നാണ് എന്റെ ആഗ്രഹം', സിന്‍വാര്‍ പറയുന്നു. 2021ല്‍ ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് സൂചന.
നെഞ്ചില്‍ കൈവെച്ച് ഇസ്രയേലിനാല്‍ മരണമടയണമെന്ന് ആവര്‍ത്തിക്കുന്ന സിന്‍വാറിനെ ദൃശ്യങ്ങളില്‍ കാണാം.
കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. സിന്‍വാറിന്റെ മൃതദേഹത്തില്‍ വിരലുകള്‍ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്രയേലിലെ ജയിലില്‍ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ക്കൊപ്പം ഈ വിരലുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്.