മകന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് അന്ധരായ വൃദ്ധ ദമ്പതികള്‍. 4-5 ദിവസങ്ങള്‍ക്ക് മുമ്പ് മകന്‍ മരിച്ചതായി സംശയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയപ്പോള്‍ 30 വയസ് പ്രായമുള്ള മകന്റെ മൃതദേഹത്തിന് സമീപം അര്‍ദ്ധബോധാവസ്ഥയില്‍ ദമ്പതികളെ കണ്ടെത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ദമ്പതികള്‍ മകന്‍ പ്രമോദിന്റെ മരണത്തെക്കുറിച്ച് അറിയാതെ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിവരമൊന്നും ലഭിക്കാത്തതിനാല്‍ സഹായത്തിന് വേണ്ടി അയല്‍ക്കാരെ വിളിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും ക്ഷീണിതരായതിനാലും ശബ്ദക്കുറവുള്ളതിനാലും അയല്‍ക്കാരും ഇവരുടെ വിളി കേട്ടില്ല.
പൊലീസ് എത്തിയാണ് വൃദ്ധ ദമ്പതികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയത്. ഹൈദരാബാദില്‍ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവുടെ മൂത്ത മകനെ പൊലീസ് വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രമോദ് പതിവായി മദ്യപിക്കുമായിരുന്നുവെന്നും ഒരു വര്‍ഷത്തോളമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. ആവശ്യമായ ചികിത്സ ലഭിക്കുന്നതിനായി ദമ്പതികളെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.