
















തന്റെ മരണവും ശവസംസ്‌കാരവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വ്യാജമായി നിര്‍മ്മിച്ച് കൊലപാതക കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. രാജ്കുമാര്‍ രാജ്ഭര്‍ എന്ന 38കാരനാണ് അറസ്റ്റിലായത്. രാജ്ഭര്‍ ജീവിച്ചിരിപ്പില്ലെന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2016-ല്‍ യോഗേഷ് സിംഗ് എന്നയാളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു രാജ്ഭര്‍. എന്നാല്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടയില്‍ മരണം വ്യാജമായി കെട്ടിച്ചമച്ച് കോടതിയില്‍ വ്യാജരേഖകള്‍ സമര്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൗ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്ന് മരണസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് ഇയാള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപെട്ടത്. മൗവിലെ ഖ്വാജജഹാന്‍പൂര്‍ പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ, കോട്വാലി നഗര്‍ പോലീസ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി), സര്‍വൈലന്‍സ് ടീം എന്നിവരുടെ സഹായത്തോടെ ഒക്ടോബര്‍ 25 ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് പിടികൂടിയത്. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ സ്വതന്ത്രമായി ജീവിക്കുകയായിരുന്നു.
2016 ഡിസംബര്‍ 19-ന് മുണ്‍ഷിപുര റെയില്‍വേ ലൈനു സമീപത്തുവെച്ചാണ് യോഗേഷ് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ അനന്തരവന്‍ അവിനാഷ് സിംഗ് നല്‍കിയ പരാതിയില്‍ രാജ്കുമാര്‍ രാജ്ഭറിനും സുഹൃത്ത് സുദര്‍ശന്‍ രാജ്ഭറിനുമെതിരെയായിരുന്നു കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊലക്കേസില്‍ നിന്ന് രക്ഷപ്പെടാനും, ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിവിധ നഗരങ്ങളിലെ പ്രമുഖരില്‍ നിന്ന് വാങ്ങി തിരികെ നല്‍കാനുണ്ടായിരുന്ന കടം ഒഴിവാക്കാനുമാണ് രാജ്ഭര്‍ ഈ നാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പ്ലസ് ടൂ പരീക്ഷ പാസാകാത്ത ഇയാള്‍ ഓഹരി വിപണിയില്‍ ട്രേഡര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.
2025 മെയ് 30-ന് ഗാസിപൂരിലാണ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാന്‍ രാജ്ഭര്‍ എഐ പ്ലാന്‍ നടപ്പിലാക്കിയത്. ശ്മശാനത്തിലെ ചിതയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ എഐ നിര്‍മ്മിത ചിത്രവും, മൃതദേഹത്തിന് പകരം ആടിന്റെ ശരീരഭാഗവുമാണ് ഇതിനായി ഉപയോഗിച്ചത്. മരണം യഥാര്‍ത്ഥമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശവഘോഷയാത്രയുടെയും അന്തിമ ചടങ്ങുകളുടെയും ഫോട്ടോകളും സംഘടിപ്പിച്ചിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് മരണസര്‍ട്ടിഫിക്കറ്റ് നേടിയത്.