
















പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ബി ജെ പി. ഖര്‍ഗെയുടെ പ്രസ്താവനക്കെതിരെ പട്‌ന പൊലീസില്‍ ബി ജെ പി നേതാക്കള്‍ പരാതി നല്‍കി. വിഷയം പ്രാദേശിക പ്രതിഷേധത്തില്‍ ഒതുക്കാതെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഖര്‍ഗെയെ വിമര്‍ശിച്ച് രംഗത്തെത്തി.
ഖര്‍ഗെയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രസ്താവനയെ അംഗീകരിക്കുന്നുണ്ടോയെന്നും ഖര്‍ഗെയുടെ രാജി ആവശ്യപ്പെടുമോയെന്നും ബി ജെ പി നേതാക്കള്‍ ചോദിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും മോദിയുടെ കുടുംബത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഖര്‍ഗെയുടെ പരാമര്‍ശം രാഷ്ട്രീയമായി കോണ്‍ഗ്രസിനെതിരേ ഉപയോഗിക്കാനാണ് ബി ജെ പി നേതൃത്വം ലക്ഷ്യമിടുന്നത്. ഇത്തരം പ്രസ്താവനകള്‍ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അമിത് ഷാ, പിയൂഷ് ഗോയല്‍ തുടങ്ങിയ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന നീക്കങ്ങളെയും രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. ഇന്ത്യ സഖ്യത്തിന്റെ റാലികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മറുപടിയായി രാഷ്ട്രീയ പ്രചാരണവും പ്രതിഷേധ പരിപാടികളും ശക്തമാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.