ആരോഗ്യപരമായി പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നവരാണ് നഴ്‌സുമാര്‍. എന്നാല്‍ ഇത്തരത്തില്‍ നിയമം കൃത്യമായി പാലിച്ചാലും ചില ഘട്ടങ്ങളില്‍ അബദ്ധങ്ങള്‍ തേടിയെത്തും. ദേശീയ നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന വിധത്തില്‍ രോഗിക്ക് ഇഞ്ചക്ഷന്‍ എടുത്ത് മരണം സമ്മാനിച്ചതോടെയാണ് നിയമം പാലിക്കുന്നതും 'സൂക്ഷിച്ച്' മതിയെന്ന് മുന്നറിയിപ്പ് വരുന്നത്.
വൈറ്റമിന്‍ കുത്തിവെയ്പ്പ് മാത്രം എടുത്തപ്പോള്‍ നഴ്‌സിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര പിഴവാണ് പെന്‍ഷനുടെ ജീവനെടുത്തത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഴ്‌സുമാര്‍ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നാണ് കൊറോണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
77-കാരി പട്രീഷ്യ ലൈന്‍സാണ് ഇഞ്ചക്ഷനെടുത്ത് ഒരാഴ്ച തികയുന്നതിന് മുന്‍പ് മരിച്ചത്. കുത്തിവെയ്ക്കുമ്പോള്‍ ചര്‍മ്മം വൈപ്പ് ചെയ്യാതെ പോയതാണ് അപകടകരമായി മാറിയത്. എന്നാല്‍ ഇത് മൂലം ചര്‍മ്മത്തിന് മുകളിലുണ്ടായ ബാക്ടീരിയ ഉള്ളിലെ ടിഷ്യൂവില്‍ എത്തുകയും ഇന്‍ഫെക്ഷന്‍ മോശമാകുകയുമായിരുന്നു. ഇതോടെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.
നിലവിലെ ദേശീയ ഗൈഡന്‍സ് പ്രകാരം ചര്‍മ്മം കാഴ്ചയില്‍ വൃത്തിയുള്ളതായി തോന്നിയാല്‍ വൈപ്പ് ഉപയോഗിക്കണമെന്നില്ലെന്ന നിബന്ധനയാണ് നഴ്‌സ് പാലിച്ചത്. എന്നാല്‍ ഈ നിബന്ധനകള്‍ക്കെതിരെ കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ കൗണ്ടി അസിസ്റ്റന്റ് കൊറോണര്‍ റെബേക്ക സട്ടണാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ആല്‍ക്കഹോള്‍ വൈപ്പുകള്‍ ചെലവ് കുറഞ്ഞതും, സമാന മരണങ്ങള്‍ തടയാനുള്ള അപകടരഹിതവുമായ മാര്‍ഗ്ഗമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എന്‍എച്ച്എസ് ഇംഗ്ലണ്ട് എന്നിവര്‍ക്കുള്ള കത്തില്‍ കൊറോണര്‍ വ്യക്തമാക്കി. എന്‍എച്ച്എസ് ഇ-ലേണിംഗ് മൊഡ്യൂളിലും, നാഷണല്‍ ഗൈഡന്‍സിലും പറഞ്ഞ കാര്യങ്ങള്‍ പാലിക്കുകയാണ് നഴ്‌സ് ചെയ്തതെന്ന് ഫ്യൂച്ചര്‍ ഡെത്ത് റിപ്പോര്‍ട്ടില്‍ കൊറോണര്‍ ചൂണ്ടിക്കാണിച്ചു. ഇത് ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.