നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വഴി ബില്ല്യണ്‍ കണക്കിന് പൗണ്ട് പിരിച്ചെടുക്കാനുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനം തിരിച്ചടിയാകുന്നത് എന്‍എച്ച്എസിന്. ബിസിനസ്സുകളെ ഈ നികുതി വര്‍ദ്ധന ബാധിക്കുമെങ്കിലും എംപ്ലോയര്‍ എന്ന നിലയില്‍ സര്‍ജറികളും വരുന്നതോടെ ജിപിമാരും, ഡെന്റിസ്റ്റുകളും കൂടുതല്‍ തുക അടയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും ഇളവ് നല്‍കിയില്ലെങ്കില്‍ ഡോക്ടര്‍മാരും, ഡെന്റിസ്റ്റുകളും, ഫാര്‍മസിസ്റ്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുകയും, രോഗികള്‍ക്ക് പരിചരണം നഷ്ടമാകുകയും ചെയ്യുമെന്നാണ് ആരോഗ്യ നേതാക്കളുടെ മുന്നറിയിപ്പ്. ബജറ്റില്‍ പ്രഖ്യാപിച്ച ഉയര്‍ന്ന നിരക്കിലുള്ള എംപ്ലോയര്‍ കോണ്‍ട്രിബ്യൂശന്‍ തങ്ങളെ ബാധിക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി അടിയന്തരമായി ഉറപ്പ് നല്‍കണമെന്നാണ് ജിപിമാര്‍ ആവശ്യപ്പെടുന്നത്.
ക്ലിനിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ തന്നെ സര്‍ജറികള്‍ ബുദ്ധിമുട്ടുകയാണെന്ന് ഇവര്‍ വാദിക്കുന്നു. ഇതിന് പുറമെ നികുതി വര്‍ദ്ധന കൂടി നേരിടുന്നത് തങ്ങളെ തകര്‍ക്കുമെന്നും, വെട്ടിച്ചുരുക്കലും അടച്ചുപൂട്ടലും മൂലമുള്ള ബുദ്ധിമുട്ട് രോഗികളെയാണ് ബാധിക്കുകയെന്നും ഇവര്‍ അവകാശപ്പെടുന്നു.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ടയ്‌ക്കെതിരെ കെയര്‍ ഹോമുകളും, ഹോസ്‌പൈസുകളും ഇപ്പോള്‍ തന്നെ ആശങ്ക ഉന്നയിച്ച് കഴിഞ്ഞു. ഫണ്ടിംഗ് പ്രതിസന്ധി മേഖലയെ ബാധിക്കുമ്പോള്‍ ഈ നികുതി തങ്ങളെ സാരമായി ബാധിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.