വളര്‍ച്ചയ്ക്ക് ഉത്തേജനം പകരാനുള്ള റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സാമ്പത്തിക വിപണികളെ ചെറുതായൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയരുന്നത് വിപണികളെ അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ മോര്‍ട്ട്‌ഗേജ് വിപണിയിലും ചാഞ്ചാട്ടം പ്രകടമായി.
മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറയ്ക്കല്‍ സംഭവിക്കാന്‍ കാത്തിരിക്കുന്ന ഭവനഉടമകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍. കടമെടുപ്പ് ചെലവ് ഉയരുന്നതോടെ സ്വാഭാവികമായും പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണമാകുക.
റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് വിപണികളെ ഇളക്കിമറിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടുത്ത ആഴ്ചയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി യോഗം ചേരുമ്പോള്‍ ബേസ് റേറ്റ് കുറയ്ക്കാനുള്ള സാധ്യതയും മങ്ങി. ബജറ്റിന് പിന്നാലെ അഞ്ച് വര്‍ഷത്തെ സ്വാപ്പ് റേറ്റ് ജൂണിന് ശേഷമുള്ള ഉയര്‍ന്ന നിലയിലേക്ക് എത്തി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വാപ്പ് റേറ്റ് ഉയരാന്‍ തുടങ്ങിയതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറയ്ക്കാന്‍ മടിക്കുമെന്ന സ്ഥിതിയായി. സ്വാപ്പ് റേറ്റിലെ ചാഞ്ചാട്ടം ഇതിനകം തന്നെ ചെറിയ ലെന്‍ഡര്‍മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ വിപണികള്‍ സ്ഥിരത കൈവരിച്ചില്ലെങ്കില്‍ നിരക്ക് വര്‍ദ്ധന നേരിടേണ്ടതായി വരും.
ബജറ്റില്‍ ഗവണ്‍മെന്റിന്റെ ചെലവഴിക്കലുകള്‍ ഏത് വിധത്തിലാകുമെന്ന് കാത്തിരിക്കുകയായിരുന്നു വീട് വാങ്ങാന്‍ മോഹിച്ചവര്‍. എന്നാല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം കഴിഞ്ഞതോടെ പലരുടെയും സ്വപ്‌നങ്ങള്‍ സ്തംഭിക്കുമെന്ന അവസ്ഥയാണ്. ഒക്ടോബറില്‍ ഭവനവിലയില്‍ കേവലം 0.1 ശതമാനം വര്‍ദ്ധന മാത്രമാണുണ്ടായതെന്ന് നേഷന്‍വൈഡ് വ്യക്തമാക്കുന്നു.