മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബി നവജാതശിശുക്കളുടെ കൊലയാളിയായി നീതിന്യായ ചരിത്രത്തിലെ ഏടുകളില്‍ ഇടംപിടിച്ചിട്ട് നാളുകളായി. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന വാദത്തില്‍ നിന്നും ഒരു ഘട്ടത്തില്‍ പോലും ലെറ്റ്ബി പിന്നോട്ട് പോയിട്ടില്ല. ഇപ്പോള്‍ ഇവരുടെ വാദങ്ങളെ ബലപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നിരവധിയായ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി വഷളായ സമയങ്ങളില്‍ ലൂസി ലെറ്റ്ബി ഡ്യൂട്ടിയില്‍ 'ഉണ്ടായിരുന്നില്ല' എന്നാണ് പുതിയ ഓഡിറ്റ് കണ്ടെത്തുന്നത്. പോലീസ് അന്വേഷണം നടന്ന കാലയളവില്‍ കുഞ്ഞുങ്ങളുടെ മരണങ്ങള്‍ അനസ്യൂതം അരങ്ങേറിയിരുന്നുവെന്നാണ് വിവിധ മരണജനന കണക്കുകള്‍ വ്യക്തമാക്കു്‌നനത്.
കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നും പരിചരണത്തില്‍ സംഭവിച്ച വ്യാപകമായ വീഴ്ചകളാണ് ഇതിന് കാരണമെന്ന ലെറ്റ്ബിയുടെ വാദങ്ങളെ ഇത് ബലപ്പെടുത്തുന്നു. മാര്‍ക്ക് മക്ക്‌ഡൊണാള്‍ഡ് കെസിയുടെ നേതൃത്വത്തിലുള്ള പുതിയ നിയമസംഘം ലെറ്റ്ബിയുടെ കേസ് ക്രിമിനല്‍ കേസസ് റിവ്യൂ കമ്മീഷന്‍ മുന്‍പാകെ എത്തിക്കാന്‍ ഇരിക്കവെയാണ് ഓഡിറ്റ് പുറത്തുവരുന്നത്.
ലെറ്റ്ബി കേസില്‍ നീതിനിഷേധം ഉണ്ടായെന്ന സംശയത്തിലാണ് കമ്മീഷന്‍ മുന്‍പാകെ കേസ് വീണ്ടും വരുന്നത്. കമ്മീഷന്‍ വാദങ്ങള്‍ അംഗീകരിച്ചാല്‍ ലെറ്റ്ബിയുടെ ശിക്ഷാവിധി കോര്‍ട്ട് ഓഫ് അപ്പീലിന്റെ പരിഗണനയില്‍ വരും.