ബ്രിട്ടനിലെ ആരോഗ്യ മേഖല സ്വാഭാവിക നില വീണ്ടെടുക്കുമെന്ന് കരുതി ഇരിക്കുമ്പോഴെല്ലാം ഒരു ഇടിത്തീ പോലെ ഓരോ കാര്യങ്ങള്‍ സംഭവിക്കും. ഇപ്പോള്‍ കൊവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും എന്‍എച്ച്എസ് മെല്ലെ കരകയറി വരുന്നതേയുള്ളൂ. അപ്പോഴാണ് ലേബര്‍ ബജറ്റ് വന്നിരിക്കുന്നത്. ഇതുവഴി നൂറുകണക്കിന് ലോക്കല്‍ ഫാര്‍മസികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
ഈ ഭീഷണി സത്യമായി മാറിയാല്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഉയരുന്ന ചെലവുകളും, എന്‍എച്ച്എസില്‍ നിന്നും ലഭിക്കുന്ന തുകയില്‍ ഞെരുക്കവും നേരിടുന്നതിനാല്‍ ബുദ്ധിമുട്ടിലായ ഫാര്‍മസികള്‍ ആഴ്ചയില്‍ ഏഴെണ്ണം വീതമാണ് അടച്ചുപൂട്ടുന്നത്.
ഉയര്‍ന്ന മിനിമം വേജുകളും, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ചതും ചേര്‍ന്നാണ് ഫാര്‍മസികളുടെ ചെലവ് കുത്തനെ ഉയര്‍ത്തുന്നത്. ഇത് പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് മേധാവികളുടെ മുന്നറിയിപ്പ്.
'ഫാര്‍മസി വരുമാനത്തില്‍ 90 ശതമാനവും എന്‍എച്ച്എസ് ആശ്രയത്തിലാണ്. റീട്ടെയിലര്‍മാരെയും, മറ്റ് ബിസിനസ്സുകളെയും അപേക്ഷിച്ച് ഫാര്‍മസികള്‍ക്ക് ഉയരുന്ന ചെലവിനൊപ്പം നിരക്ക് ഉയര്‍ത്താന്‍ കഴിയില്ല', 5500 സ്വതന്ത്ര കമ്മ്യൂണിറ്റി ഫാര്‍മസികളുടെ ശൃംഖലയായ നുമാര്‍ക്ക് ഫാര്‍മസി ചെയര്‍മാന്‍ ഹാരി മക്ക്വില്ലന്‍ പറഞ്ഞു.
2017 മുതല്‍ ഏകദേശം 1250 ഫാര്‍മസികളാണ് ഷട്ടറിട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബജറ്റില്‍ 40 ശതമാനം വെട്ടിക്കുറവ് വന്നത് ഫാര്‍മസികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.