എന്‍എച്ച്എസിലേക്ക് പണമൊഴുക്കുന്നത് കടലില്‍ കായം കലക്കുന്നത് പോലെയാണ്. പല മുന്‍ ഗവണ്‍മെന്റുകളും എന്‍എച്ച്എസ് ഫണ്ടിംഗ് പല തവണ വര്‍ദ്ധിപ്പിച്ചിട്ടും രോഗികളുടെ സേവനങ്ങളില്‍ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്നുമാത്രമല്ല കാത്തിരിപ്പ് പട്ടികയുടെ നീളം വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നുമില്ല.
ഈ സാഹചര്യത്തിലാണ് ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റില്‍ എന്‍എച്ച്എസിന് 22.6 ബില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗ് അനുവദിച്ചത്. പണം നല്‍കുമ്പോള്‍ പണിയും മെച്ചപ്പെടണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ പണവും ആവശ്യത്തിന് വിനിയോഗിക്കപ്പെടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രാജ്യത്തെ തകര്‍ന്ന് കിടക്കുന്ന ഹെല്‍ത്ത് സര്‍വ്വീസിനെ പുനര്‍നിര്‍മ്മിക്കാന്‍ ഈ ഫണ്ട് മതിയാകില്ലെന്നാണ് ഇവരുടെ പക്ഷം. രോഗികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 22.6 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും വലിയൊരു ശതമാനവും എന്‍എച്ച്എസ് മുന്‍പ് നിശ്ചയിച്ചിട്ടുള്ള റിക്രൂട്ട്‌മെന്റ് പദ്ധതികള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നാണ് കിംഗ് ഫണ്ട് പരിശോധന വ്യക്തമാക്കുന്നത്.
ഇതുവഴി എന്‍എച്ച്എസ് പേറോളില്‍ കൂടുതല്‍ നഴ്‌സുമാരും, ഡോക്ടര്‍മാരും കൂട്ടിച്ചേര്‍ക്കപ്പെടും. ഭാവിയില്‍ നികുതി വര്‍ദ്ധനവുകളിലൂടെ പബ്ലിക് സര്‍വ്വീസ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം പരിഷ്‌കാരങ്ങള്‍ക്കാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പ്രധാനമന്ത്രി സാമ്പത്തിക വിപണികള്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്.