ടോറി പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പില്‍ റോബര്‍ട്ട് ജെന്റിക്കിനെ തോല്‍പ്പിച്ച് പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോതാവായി കെമി ബാഡെനോക്ക്. യുകെയിലെ ഏതെങ്കിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗ നേതാവാണ് കെമി. ടോറികളെ നയിക്കുന്ന നാലാമത്തെ വനിതയുമാണ് ഇവര്‍.
95,000 പേര്‍ വോട്ട് ചെയ്തതില്‍ 56 ശതമാനം പേരാണ് ബാഡെനോക്കിനെ പിന്തുണച്ചത്. പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഏറ്റവും കുറഞ്ഞ വ്യത്യാസത്തിലെ നാലാമത്തെ വിജയമാണിത്. ജൂലൈയിലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ടോറികള്‍ക്ക് വീണ്ടും വോട്ടര്‍മാരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുകയാണ് പുതിയ നേതാവ് നേരിടുന്ന വെല്ലുവിളി.
കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ തയ്യാറാകുകയാണ് ഇതില്‍ ആദ്യത്തെ കാര്യമെന്ന് ലണ്ടനില്‍ വിജയ പ്രസംഗത്തില്‍ കെമി ബാഡെനോക്ക് പറഞ്ഞു. 'ഈ രാജ്യത്തിന്റെ വിജയത്തില്‍ നമ്മുടെ പാര്‍ട്ടി സുപ്രധാനമാണ്. എന്നാല്‍ ഇതിന് നമുക്ക് സത്യസന്ധരാകണം. നമുക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, നിലവാരം താഴ്ന്നുവെന്നും സമ്മതിക്കണം. സത്യം പറയാനുള്ള സമയമാണിത്', ബാഡെനോക്ക് വ്യക്തമാക്കി.
അതേസമയം തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയെ പ്രശംസിക്കാനും ബാഡെനോക്ക് മറന്നില്ല. വരും വര്‍ഷങ്ങളില്‍ പാര്‍ട്ടിക്കായി സുപ്രധാന റോള്‍ നിര്‍വ്വഹിക്കാന്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജെന്റിക്കിനെ കുറിച്ച് നേതാവ് വ്യക്തമാക്കിയത്. ഇതോടെ എതിര്‍സ്ഥാനാര്‍ത്ഥി ഷാഡോ ക്യാബിനറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.