മൂന്ന് ദിവസം മുമ്പ് കാണാതായ 21-കാരിയെ അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മുറി പൂട്ടിയ ശേഷം മുറിയിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ യുവതിയുടെ അയല്‍വാസിയായ വിശ്വനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാല് പെണ്‍മക്കള്‍ക്കും ഒരു മകനുമൊപ്പം ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇവരുടെ മുറിയ്ക്ക് അടുത്ത് തന്നെയാണ് പ്രതി വിശ്വനാഥും താമസിച്ചിരുന്നത്. ഫഗ്വാരയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനാണ് പ്രതി.
പെണ്‍കുട്ടിയെ കാണാതായ ഒക്ടോബര്‍ 30-ന് പിതാവിനെ ജലന്ധര്‍ ബൈപ്പാസിലേക്ക് പ്രതി കൊണ്ടു പോയിരുന്നു. ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സേലം താബ്രിക്ക് സമീപം കാത്തിരിക്കാന്‍ പറഞ്ഞിട്ട് വിശ്വനാഥന്‍ തിരികെ പോയി. മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും വിശ്വനാഥന്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിശ്വനാഥന്റെ മുറി പൂട്ടിയ നിലയില്‍ ആയിരുന്നുവെന്നും പിതാവ് പറഞ്ഞു.