ആരോപണങ്ങള്‍ അങ്ങനെയാണ്. അത് ഉന്നയിക്കുന്നവര്‍ക്ക് ചില പ്രത്യേക ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ ആരോപണം ഉന്നയിക്കാം. പിന്നീട് ഇത് തെറ്റോ, ശരിയോ എന്ന് തെളിയിക്കേണ്ടത് ആരോപണം നേരിടുന്നവരുടെ ബാധ്യതയായി മാറുന്നു. 100% നിരപരാധിയാണെങ്കില്‍ പോലും സമൂഹത്തില്‍ ആരോപണവിധേയര്‍ കുറ്റവാളികളേക്കാള്‍ അതിക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായി മാറിയ ഒരു എന്‍എച്ച്എസ് നഴ്‌സിന് ഈ ദുര്‍ഗതി നേരിട്ടപ്പോള്‍ അവര്‍ ഒളിച്ചിരുന്നില്ല, മറിച്ച് ദുഷ്‌പേര് തിരുത്താന്‍ പോരാടാന്‍ ഇറങ്ങി, ഒടുവില്‍ വിജയവും കരസ്ഥമാക്കി.
തന്റെ കുഞ്ഞിനെ എന്‍എച്ച്എസ് നഴ്‌സ് ഗര്‍ഭം ധരിച്ചതായി ഒരു രോഗി ഉന്നയിച്ച ആരോപണമാണ് രണ്ട് വര്‍ഷത്തോളം ജെസീക്കാ തോര്‍പ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. രണ്ട് വര്‍ഷത്തിലേറെ സസ്‌പെന്‍ഡ് ചെയ്ത എന്‍എച്ച്എസ് നടപടി അനാവശ്യമാണെന്ന് കണ്ടെത്തിയാണ് ഇവരുടെ ക്ലെയിം കോടതി ശരിവെച്ചത്.
താനുമായി നഴ്‌സിന് അവിഹിതബന്ധമുള്ളതായി ഒരു രോഗി അവകാശപ്പെട്ട് മൂന്നാം ദിനം മുതല്‍ ജെസീക്കാ തോര്‍പ്പിനെ ആശുപത്രി ട്രസ്റ്റ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ക്രിമിനല്‍ നടപടികളുമായി ബന്ധപ്പെട്ട് പുരുഷന്‍മാരുടെ സുരക്ഷാ കേന്ദ്രത്തിലുള്ള രോഗിയാണ് നഴ്‌സിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇയാള്‍ മരണപ്പെടുകയും ചെയ്തു.
2016 മുതല്‍ കംബ്രിയ, നോര്‍ത്തംബര്‍ലാന്‍ ടൈന്‍ & വെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനായി ഹെല്‍ത്ത്‌കെയര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ ജോലി ചെയ്ത് വരികയായിരുന്നു തോര്‍പ്പ്. എന്നാല്‍ രോഗിയുടെ ആരോപണത്തിന് പിന്നാലെ തുടര്‍ച്ചയായി ഇവരുടെ സസ്‌പെന്‍ഷനുകള്‍ ദീര്‍ഘിപ്പിച്ചു. ഇത്രയും കാലത്തെ അന്വേഷണത്തിനൊടുവില്‍ നഴ്‌സ് ഗോസിപ്പുകള്‍ സംബന്ധിച്ച് നല്‍കിയ പരാതികളില്‍ നടപടി പോലും ഉണ്ടായില്ലെന്ന് തിരിച്ചറിഞ്ഞ് 2022 ഒക്ടോബറില്‍ ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറായെങ്കിലും നഴ്‌സ് രാജിവെച്ചു.
സോഷ്യല്‍ മീഡിയാ വരുമാനമാണ് നഴ്‌സിന്റെ രാജിക്ക് പിന്നിലെന്ന് ട്രസ്റ്റ് വാദിച്ചു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ ഹോബിയായി മാത്രം തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയെന്ന് ഇവര്‍ അവകാശപ്പെട്ടു. നഴ്‌സിന്റെ രാജിവെച്ച രീതിയില്‍ അസാധാരണത്വം ഉണ്ടെങ്കിലും തോര്‍പ്പിന് അനുകൂലമായി എംപ്ലോയ്‌മെന്റ് ജഡ്ജ് വിധിയെഴുതി. ഇതോടെ അനാവശ്യ ആരോപണങ്ങളുടെ പേരില്‍ നഴ്‌സിനെ കുറ്റവാളിയാക്കിയ ട്രസ്റ്റ് നഷ്ടപരിഹാരം നല്‍കേണ്ട സ്ഥിതിയാണ്.