CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 6 Seconds Ago
Breaking Now

പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ അഞ്ച് മിനിറ്റിലധികമെടുത്തു, യുവതിക്ക് രണ്ട് ലക്ഷം പിഴ

എക്‌സല്‍ പാര്‍ക്കിംഗ് ലിമിറ്റഡാണ് യുവതിക്ക് പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ വൈകി എന്ന് കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

പാര്‍ക്കിംഗ് ഫീസ് നല്‍കാന്‍ അഞ്ച് മിനിറ്റിലധികം സമയമെടുത്ത യുകെ യുവതിക്ക് രണ്ട് ലക്ഷം രൂപ പിഴ. ഡെര്‍ബിയിലെ താമസക്കാരിയായ റോസി ഹഡ്സണ്‍ എന്ന യുവതിക്കാണ് രണ്ട് ലക്ഷം പിഴ ചുമത്തിയിരിക്കുന്നത്. ഫോണില്‍ സിഗ്‌നല്‍ മോശമായതിനാലാണ് പണമടക്കാന്‍ വൈകിയതിന് കാരണമായത് എന്നാണ് യുവതി പറയുന്നത്. 

എക്‌സല്‍ പാര്‍ക്കിംഗ് ലിമിറ്റഡാണ് യുവതിക്ക് പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ വൈകി എന്ന് കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. പാര്‍ക്ക് ചെയ്യുന്ന സമയത്തെല്ലാം മുഴുവന്‍ താരിഫും അടച്ചിട്ടും, തനിക്ക് 10 പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് അയക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. 

2023 ഫെബ്രുവരി മുതല്‍ ജോലി ചെയ്യുന്നതിനടുത്തുള്ള കോപ്ലാന്‍ഡ് സ്ട്രീറ്റ് കാര്‍ പാര്‍ക്ക് ആയിരുന്നു റോസി ഉപയോഗിച്ചിരുന്നത്. എന്നാല്‍, പാര്‍ക്കിംഗ് മെഷീന്‍ തകരാറിലായതിനാല്‍ ആപ്പ് വഴി പണം നല്‍കാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്ന് റോസി പറയുന്നു. സിഗ്‌നല്‍ പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായതിനാല്‍ പണം അടക്കാന്‍ സമയമെടുക്കേണ്ടി വന്നുവെന്നും അവള്‍ പറയുന്നു. 

100 പൗണ്ട് (10,769 രൂപ) ആവശ്യപ്പെട്ട് ആദ്യത്തെ പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് ലഭിക്കുന്നതുവരെ ഓരോ തവണയും അവള്‍ 355 രൂപ അടച്ചിരുന്നു. എന്നാല്‍, 10,769 അടക്കണമെന്ന് കാണിച്ചാണ് ആദ്യത്തെ നോട്ടീസ് വന്നത്. 14 ദിവസത്തിനുള്ളില്‍ അടക്കുകയാണെങ്കില്‍ 6,461 രൂപ അടച്ചാല്‍ മതിയെന്നും അറിയിച്ചു. 

എക്‌സല്‍ പാര്‍ക്കിംഗ് ലിമിറ്റഡിനെ സമീപിച്ചപ്പോള്‍ ഈ തുക എന്തായാലും അടക്കേണ്ടി വരും എന്നാണത്രെ അറിയിച്ചത്. അങ്ങനെ അത് അടച്ചു. എന്നാല്‍, തുടരെത്തുടരെ പിന്നെയും നോട്ടീസ് വരികയായിരുന്നു. അങ്ങനെ എല്ലാം കൂടി 2,05,257 രൂപയുടെ നോട്ടീസാണ് വന്നത്. 

അതേസമയം എക്‌സല്‍ പാര്‍ക്കിംഗ് തങ്ങളുടെ ഭാഗം ന്യായീകരിച്ചു. അവിടെ കൃത്യമായി എഴുതിവച്ചിട്ടുണ്ട് അഞ്ച് മിനിറ്റിനുള്ളില്‍ പാര്‍ക്കിംഗ് ഫീസ് അടക്കണം ഇല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്ന് എന്നാണ് അവര്‍ പറയുന്നത്. 14 മുതല്‍ 190 മിനിറ്റ് വരെ റോസി പിഴയടക്കാനെടുത്തിട്ടുണ്ട് എന്നും അവര്‍ പറയുന്നു. 

എന്തായാലും, കമ്പനിയുമായുള്ള മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റോസിക്ക് ആറ് മാസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നാണ് പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.