ഇടുപ്പെല്ല് ഒടിഞ്ഞ് കൊടുംതണുപ്പില്‍ നടപ്പാതയില്‍ കിടന്നിട്ടും 95-കാരി തങ്ങളെ സംബന്ധിച്ച് മുന്‍ഗണനയുള്ള വ്യക്തിയല്ലെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ച് ആംബുലന്‍സ് മേധാവികള്‍. 95-കാരി വിനിഫ്രെഡ് സൊവാന്‍സ് ഡോര്‍സെറ്റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഹൈസ്ട്രീറ്റില്‍ വീണ് പരുക്കേറ്റ് വേദനയില്‍ മുങ്ങി കിടക്കേണ്ടി വന്നപ്പോഴാണ് ആംബുലന്‍സ് അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്.
അഞ്ച് മണിക്കൂറോളം ഭര്‍ത്താവ് 92-കാരന്‍ ആന്‍ഡ്രൂവിനൊപ്പം സൊവാന്‍സ് വഴിയില്‍ കിടന്നു. താന്‍ വഴിയില്‍ കിടന്ന് മരിക്കുമെന്ന് പോലും അവര്‍ ആശങ്കപ്പെട്ടു. വൃദ്ധയുടെ ദുരവസ്ഥ കണ്ട് ആശങ്കപ്പെട്ട പൊതുജനങ്ങള്‍ പല തവണ 999 വിളിച്ച് പ്രശ്‌നം അറിയിച്ചെങ്കിലും ഇതൊരു മുന്‍ഗണന നല്‍കേണ്ട വിഷയമല്ലെന്നാണ് മറുപടി ലഭിച്ചത്.
95-കാരിയുടെ അവസ്ഥ കണ്ട് മനംനൊന്ത വഴിപോക്കരാണ് അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നും ഷൂബോക്‌സുകളും, പബ്ബില്‍ നിന്ന് തലവണയും എത്തിച്ച് അല്‍പ്പം ഉയര്‍ത്തി കിടത്തിയത്. കൂടാതെ സ്ലീപ്പിംഗ് ബാഗുകളും, ബ്ലാങ്കെറ്റുകളും എത്തിച്ചു. തണുപ്പേറിയതോടെ ചൂട് വെള്ളവും നല്‍കി. ഭാര്യയുടെ സമീപത്ത് നിന്നും മാറാന്‍ ആന്‍ഡ്രൂ തയ്യാറായില്ല.
ഉച്ചയ്ക്ക് 2.30ന് നടന്ന സംഭവത്തിന് ശേഷം രാത്രി 7.45-നാണ് ആംബുലന്‍സ് സ്ഥലത്ത് എത്തുന്നത്. തണുപ്പത്ത് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നതോടെ ആന്‍ഡ്രൂവിന് ചെസ്റ്റ് ഇന്‍ഫെക്ഷന്‍ രൂപ്പെട്ട് ആശുപത്രിയിലുള്ള ഭാര്യയുടെ അടുത്ത് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഉച്ചയ്ക്ക് വീണുപരുക്കേറ്റ വ്യക്തിയെ കൊണ്ടുപോകാന്‍ രാത്രി വരെ ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ അസഹനീയമാണെന്ന് സഹായിക്കാനെത്തിയ സുമനസ്സുകള്‍ ചൂണ്ടിക്കാണിച്ചു. പൂള്‍ ആശുപത്രിയിലെത്തിച്ച സൊവാന്‍സിന് സര്‍ജറി ആവശ്യമായി വന്നു. സംഭവത്തില്‍ സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വ്വീസ് ഖേദം പ്രകടിപ്പിച്ചു.