ക്രിസ്മസ് മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഗ്ലോസ്റ്റര്‍ഷയറിലെ ചിപ്പിംഗ് സോഡ്ബറിയിലെ ക്രിസ്മസ് ഫെയറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 80-കാരനായ ഡ്രൈവര്‍ പാര്‍ക്കിംഗ് സ്‌പേസില്‍ നിന്നും വാഹനം പുറത്തേക്ക് ഇറക്കാന്‍ ശ്രമിക്കവെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറിയത്.
ഒരു പിഞ്ചുകുഞ്ഞും, ചെറിയ കുട്ടിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. അതേസമയം ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. മാര്‍ക്കറ്റിലെ പിസാ സ്റ്റാളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
അപകടം നടന്നെങ്കിലും വിക്ടോറിയന്‍ ഡേ സംഘാടകരോട് പരിപാടി റദ്ദാക്കേണ്ടതില്ലെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് നിര്‍ദ്ദേശിച്ചു. ഇത് പരിഗണിച്ച് ഹൈസ്ട്രീറ്റിലെ ഹോബ്‌സ് ഹൗസ് ബേക്കറിയിലും, ബ്രേഡ് സ്ട്രീറ്റിലും, ഹോഴ്‌സ് സ്ട്രീറ്റിലും പരിപാടി തുടര്‍ന്നു. ചെറിയ വേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് സ്ഥിരീകരിച്ചു.
അഞ്ച് മുതിര്‍ന്നവരും, രണ്ട് കുട്ടികളും ഉള്‍പ്പെടെ ഏഴ് കാല്‍നടക്കാര്‍ക്കാണ് പരുക്കേറ്റതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞ് സൗത്ത് വെസ്‌റ്റേണ്‍ ആംബുലന്‍സ് സര്‍വ്വീസ് സ്ഥലത്തെത്തി. പോലീസ് നിര്‍ദ്ദേശം പരിഗണിച്ച് പരിപാടി തുടരുന്നതായി ചിപ്പിംഗ് സോഡ്ബറി ക്രിസ്മസ് സണ്‍ഡേ ഫേസ്ബുക്കില്‍ സ്ഥിരീകരിച്ചു. അതേസമയം അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.