കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ശരാശരി 50 പൗണ്ട് കുറവ് വരുത്താന്‍ നഷ്ടപരിഹാര നിയമത്തിലെ സുപ്രധാന മാറ്റം വഴിയൊരുക്കും. ഇംഗ്ലണ്ടിലും, വെയില്‍സിലും ഡ്രൈവര്‍മാര്‍ക്ക് 5% പ്രീമിയം കുറയുമെന്നാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്.
ഗവണ്‍മെന്റിന്റെ ആക്ച്വറി ഡിപ്പാര്‍ട്ട്‌മെന്റ് പേഴ്‌സണല്‍ ഇഞ്ചുറി ഡിസ്‌കൗണ്ട് റേറ്റ് -0.25 ശതമാനത്തില്‍ നിന്നും +0.5 ശതമാനത്തിലേക്ക് അപ്‌ഡേറ്റ് ചെയ്തതോടെയാണ് പ്രീമിയത്തില്‍ മാറ്റം വരുന്നത്. ഈ അപ്‌ഡേറ്റ് ജനുവരി 11 മുതലാണ് പ്രാബല്യത്തില്‍ എത്തുന്നത്.
ഒരു അപകടം നടന്നാല്‍ വ്യക്തികള്‍ക്ക് ഏറ്റിട്ടുള്ള പരുക്കുകളെ തുടര്‍ന്ന് എത്ര നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് പിഐഡിആര്‍ ഉപയോഗിച്ചാണ് കണക്കാക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഈ നിരക്ക് ഗവണ്‍മെന്റ് റിവ്യൂവിന് വിധേയമാക്കാറുണ്ട്. പിഐഡിആര്‍ കുറഞ്ഞിരുന്നാല്‍ ഇന്‍ഷുറേഴ്‌സ് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുകയും, ഇത് ഉയര്‍ന്ന പ്രീമിയമായി പരിണമിക്കുകയും ചെയ്യും.
എന്നാല്‍ ഈ നിരക്ക് 0.75 ശതമാനം പോയിന്റ് വര്‍ദ്ധിച്ചതോടെ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം താഴുകയാണ് ചെയ്യുക. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ശരാശരി കാര്‍ ഇന്‍ഷുറന്‍സ് ചെലവ് 612 പൗണ്ടിലാണെന്നാണ് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് വ്യക്തമാക്കുന്നത്. മുന്‍ പാദത്തേക്കാള്‍ 2% താഴ്‌ന്നെങ്കിലും 2023-ലെ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 50 പൗണ്ട് അധികവുമാണ്.