തമിഴ് സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കൈതി 2'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. അതിനാല്‍ തന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികളില്‍ നിന്ന് ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയാവുകയാണ്.
കാര്‍ത്തി നായകനാകുന്ന സിനിമയില്‍ മലയാളി താരം രജീഷ വിജയന്‍ നായികയാകുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഇത് രണ്ടാം തവണയാണ് കാര്‍ത്തി ചിത്രത്തില്‍ രജീഷ ഭാഗമാകുന്നത്. നേരത്തെ കാര്‍ത്തിയുടെ സര്‍ദാറില്‍ നടി നായികാ വേഷത്തിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കൈതി 2 ഉടന്‍ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് അറിയിച്ചത്. ചിത്രം റിലീസ് ചെയ്തതിന്റെ അഞ്ചാം വര്‍ഷത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകേഷ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. കാര്‍ത്തി സാറിനോടും പ്രഭു സാറിനോടും ഏറെ നന്ദിയുണ്ട്. പിന്നെ ഇതെല്ലാം സംഭവിപ്പിച്ച 'യൂണിവേഴ്‌സിനോടും'. ദില്ലി ഉടന്‍ തിരിച്ചുവരും' ലോകേഷ് ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.