മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരില്‍ സംഘര്‍ഷം. വിശ്വഹിന്ദു പരിഷത്തും, ബംജ്‌റംഗ്ദളുമാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നാഗ്പൂരിലെ മഹല്‍ പ്രദേശത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 15 പൊലീസുകാര്‍ ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു. സംഭവത്തില്‍ 17 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിന് ശേഷം മഹല്‍ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ നാഗ്പൂരിലെ ഹന്‍സപുരിയില്‍ രാത്രി 10:30 നും 11:30 നും ഇടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങള്‍ കത്തിക്കുകയും പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കുകയും ചെയ്തതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ സംഘടനകള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം ഉണ്ടാകുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ നാഗ്പൂരില്‍ ഇരു വിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.