യുക്രെയ്നിലെ വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിക്കും. യുക്രെയ്നിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അന്തിമ കരാറിന്റെ പല നിര്‍ദ്ദേശങ്ങളും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും കുറെ കാര്യങ്ങള്‍ ബാക്കിയുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ഫോണ്‍ സംഭാഷണം വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടെന്നു ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച മോസ്‌കോയില്‍ അമേരിക്കറഷ്യ ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നതിനു പിന്നാലെ ഉപാധികളുടെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലാകാമെന്ന് പുടിന്‍ വ്യക്തമാക്കിയിരുന്നു.
യുക്രെയ്‌നിനു നാറ്റോ അംഗത്വം നല്‍കരുതെന്നതാണു റഷ്യ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വ്യവസ്ഥ. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതി ചെയ്യുന്ന സപൊറീഷ്യ അടക്കം കിഴക്കന്‍ യുക്രെയ്‌നിലെ ഭൂരിഭാഗം പ്രവിശ്യകളും റഷ്യയുടെ അധീനതയിലാണിപ്പോള്‍.ഈ പ്രദേശങ്ങള്‍ റഷ്യ വിട്ടുകൊടുക്കില്ലെന്ന സൂചനയും ട്രംപ് നല്‍കി.എന്നാല്‍, രാജ്യത്തിന്റെ അഖണ്ഡത ലംഘിച്ചുകൊണ്ടുള്ള കരാറിനു തയാറല്ലെന്ന നിലപാട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവര്‍ത്തിച്ചു.
പടിഞ്ഞാറന്‍ റഷ്യയിലെ കര്‍ക്‌സില്‍ യുക്രെയ്ന്‍ സേന കഴിഞ്ഞവര്‍ഷം കയ്യടക്കിയ ഭൂരിഭാഗം സ്ഥലങ്ങളും കഴിഞ്ഞ ആഴ്ചകളില്‍ റഷ്യന്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയായാല്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനായി അതിര്‍ത്തിയിലേക്ക് രാജ്യാന്തര സമാധാനസേനയെ അയയ്ക്കാന്‍ യുകെ, ഫ്രാന്‍സ് അടക്കം മുപ്പതിലേറെ രാജ്യങ്ങള്‍ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ തെക്കന്‍ റഷ്യയിലെ അസ്ട്രക്കന്‍ മേഖലയിലെ ഊര്‍ജനിലയങ്ങള്‍ക്കുനേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രി കീവിനുനേരെയും റഷ്യയും ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.