CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 52 Seconds Ago
Breaking Now

20 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 70 പേര്‍; വ്യോമാക്രമണത്തിന് പിന്നാലെ ഗാസയില്‍ പ്രവേശിച്ച് ഇസ്രയേല്‍ സേന

ഗാസയെ രണ്ടായി വിഭജിക്കുന്ന നെത്സാരിം ഇടനാഴി ഇസ്രായേല്‍ സൈന്യം തിരിച്ചുപിടിച്ചു.

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ 20 മണിക്കൂറിനിടെ 70 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയാകാത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 436 ആയി. കൊല്ലപ്പെട്ടവരില്‍ 183 പേര്‍ കുട്ടികളാണ്. വ്യോമാക്രമണം കടുപ്പിച്ചതോടെ ഐഡിഎഫ് ലക്ഷ്യം വെയ്ക്കുന്ന മേഖലകളില്‍നിന്ന് പലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന ഉത്തരവിട്ടു. ഖാന്‍ യൂനിസ്, ബെയ്ത് ഹാനൂണ്‍ പ്രദേശങ്ങളില്‍ ഇത് സംബന്ധിച്ച ലഘുലേഖകള്‍ ഇസ്രേയല്‍ സേന വിതരണം ചെയ്തിട്ടുണ്ട്.

ഇതിനിടെ വ്യോമാക്രമണത്തിന് പിന്നാലെ ഗാസയില്‍ കരവഴിയുള്ള ആക്രമണത്തിനും ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാസയെ രണ്ടായി വിഭജിക്കുന്ന നെത്സാരിം ഇടനാഴി ഇസ്രായേല്‍ സൈന്യം തിരിച്ചുപിടിച്ചു. പലസ്തീനികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായാണ് ഇസ്രയേല്‍ നീക്കം. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേല്‍ നേരത്തെ ഇവിടെ നിന്ന് പിന്‍വാങ്ങിയിരുന്നു.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചെങ്കിലും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ അടച്ചിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഒപ്പുവെച്ച കരാര്‍ നിലനില്‍ക്കുമ്പോള്‍ പുതിയ കരാറുകളുടെ ആവശ്യമില്ലെന്നും ഹമാസ് ഉദ്യോഗസ്ഥനായ താഹെര്‍ അല്‍-നോനോയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിനായി കഴിഞ്ഞ ദിവസം ഇസ്രയേലും ഹമാസും അമേരിക്കയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചത്. ഗാസയിലെ യുദ്ധം പൂര്‍ണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് ചൊവ്വാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആക്രമണം കേവലമൊരു തുടക്കം മാത്രമാണെന്നും പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.