CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 42 Seconds Ago
Breaking Now

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം

നിലവില്‍ ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ.

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കണ്ടത് ഒരു മുറി നിറയെ കെട്ടുകണക്കിന് പണം. തീപ്പിടിത്തത്തെ തുടര്‍ന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയര്‍ ഫോഴ്സ് അംഗങ്ങളും പൊലീസും തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി.

പിന്നാലെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിലെത്തി. ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവസ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന.

ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടപടി സ്ഥലംമാറ്റത്തില്‍ മാത്രം ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യശ്വന്ത് വര്‍മ്മയില്‍ നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറായില്ലെങ്കില്‍ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും കൊളീജിയം യോഗത്തില്‍ ഉയര്‍ന്നു.

നിലവില്‍ ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹിയില്‍ ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ്. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ്മ 2021ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തുന്നത്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ എന്‍ വര്‍മ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ.

ഏതെങ്കിലും ഒരു ജഡ്ജിക്ക് നേരെ അഴിമതി ആരോപണം ഉണ്ടായാല്‍ അത് സംബന്ധിച്ച് ആരോപണവിധേയനായ ജഡ്ജിയുടെ വിശദീകരണം തേടുക എന്നതാണ് ആദ്യ നടപടിക്രമം. തുടര്‍ന്ന് സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നല്‍കാം. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ ജഡ്ജിയെ പുറത്താക്കാന്‍ ഉള്ള നടപടികളിലേക്ക് പാര്‍ലമെന്റിന് കടക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.