തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെണ്‍മക്കളും ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.
യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ തോമസ് വഴി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി ജേക്കബ് സന്നിഹിതരായിരുന്നു. ഷൈനിക്ക് കുടുംബശ്രീയില്‍ 95225 രൂപയാണ് കടമുണ്ടായത്. കടം വീട്ടിയ ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പുരോഗിയായ വരകയില്‍ വീട്ടില്‍ വി കെ ഷാജിയ്ക്ക് പഞ്ചായത്തംഗം മുഖേന കൈമാറി.
ഷൈനിയുടെ കടം വീട്ടുന്നതിന് വിമര്‍ശനം ഉയര്‍ന്നെങ്കിലും കുറേ പേര്‍ സഹകരിച്ചു. ഇതിന് ഇടുക്കി ചാരിറ്റിക്ക് വേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി പറഞ്ഞു. കൂലിപ്പണിക്കാരായ 13 കുടുംബശ്രീ കുടുംബങ്ങള്‍ക്ക് ബാധ്യതയായ പണം ഇടുക്കി ചാരിറ്റിയിലൂടെ നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.